| Tuesday, 24th December 2024, 11:47 am

മമ്മൂക്കയോടും മോഹന്‍ലാലിനോടും രണ്ട് തരത്തിലുള്ള ബന്ധമാണുള്ളത്; കൂടുതല്‍ സ്വാതന്ത്ര്യം അദ്ദേഹത്തോട്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച നടന്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ ഹാസ്യ നടനായിരുന്ന ജഗദീഷ് ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയാണ്.

മലയാളത്തിലെ ബിഗ് M’s ആയ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്. മോഹന്‍ലാലും മമ്മൂട്ടിയുമായും രണ്ട് തരത്തിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നും എന്നാല്‍ കുറച്ചുകൂടി സ്വാതന്ത്ര്യമുള്ളത് മോഹന്‍ലാലിനോടാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ സ്‌കൂളില്‍ തന്റെ ജൂനിയര്‍ ആയിരുന്നെന്നും അതാണ് അടുപ്പത്തിന് കാരണമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിന് ഹ്യൂമറിന്റെ എലമെന്റുണ്ടെന്നും താന്‍ പഠിപ്പിച്ചിരുന്ന കുട്ടികളുടെ നേട്ടത്തിനെ കുറിച്ച് കേള്‍ക്കാന്‍ താത്പര്യമായിരുന്നെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയോട് കുറച്ചുകൂടി ബഹുമാനമാണെന്നും പറഞ്ഞ ജഗദീഷ് കരിയര്‍ വളര്‍ത്താന്‍ വേണ്ട സംസാരങ്ങളാണ് ഇരുവര്‍ക്കും ഇടയില്‍ നടക്കാറുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയും മോഹന്‍ലാലും ആയിട്ടുള്ള ബന്ധം രണ്ട് തരത്തിലാണ്. മോഹന്‍ലാല്‍ എന്ന് പറയുമ്പോള്‍ എന്റെ സ്‌കൂള്‍മേറ്റ് ആയിരുന്നു. എന്റെ ജൂനിയറായിരുന്നു മോഹന്‍ലാല്‍. അപ്പോള്‍ അന്നുതൊട്ടുള്ള ഒരു അടുപ്പം മോഹന്‍ലാലുമായി ഉണ്ട്.

ആ രീതിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം മോഹന്‍ലാലുമായുണ്ട്. ലാലിന് എപ്പോഴും ഹ്യൂമറിന്റെ എലമെന്റ് ഉണ്ടാക്കാനൊക്കെ കഴിയും. ഞാന്‍ പഠിപ്പിക്കുന്ന കുട്ടികളുടെ നേട്ടങ്ങളെ കുറിച്ചെല്ലാം കേള്‍ക്കാന്‍ ലാലിന് ഇഷ്ടമാണ്.

എന്നാല്‍ മമ്മൂക്കയെ സംബന്ധിച്ചിടത്തോളം നമുക്ക് എപ്പോഴും ഒരു റെസ്പക്റ്റിന്റെ എലമെന്റുണ്ട്. അദ്ദേഹവുമായി സംസാരിക്കുന്ന വിഷയങ്ങള്‍ തന്നെ വ്യത്യസ്ഥമായിരിക്കും.

‘ഇനിയെന്താ പ്ലാന്‍, ഇങ്ങനെയൊക്കെ പോയാല്‍ മതിയോ, ഒരു അവാര്‍ഡെല്ലാം വാങ്ങേണ്ടേ, താനെന്താ സിനിമയില്‍ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഒന്നും നടത്താത്തത്’ എന്നുപോലെയുള്ള നമ്മുടെ കരിയര്‍ വളര്‍ത്താനുള്ള കാര്യങ്ങളായിരിക്കും കൂടുതലും ചര്‍ച്ച ചെയ്യുക,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Mammootty And Mohanlal

We use cookies to give you the best possible experience. Learn more