അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ; ഇന്ന് പലരും റെഫറന്‍സ് പോയന്റായി പറയുന്നത് എന്റെ കഥാപാത്രം: ജഗദീഷ്
Entertainment
അന്ന് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ സിനിമ; ഇന്ന് പലരും റെഫറന്‍സ് പോയന്റായി പറയുന്നത് എന്റെ കഥാപാത്രം: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th September 2024, 5:53 pm

രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ലീല. തിരക്കഥാകൃത്ത് ഉണ്ണി ആറിന്റെ അതേ പേരിലുള്ള ഒരു ചെറുകഥയുടെ ആവിഷ്‌കാരമാണ് ഈ ചിത്രം. ബിജു മേനോന്‍ നായകനായ ഈ സിനിമയില്‍ വിജയരാഘവന്‍, പ്രിയങ്ക നായര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, സുധീര്‍ കരമന, പാര്‍വതി നമ്പ്യാര്‍ തുടങ്ങിയ മികച്ച താരനിരയാണ് ഒന്നിച്ചത്.

ലീലയില്‍ നടന്‍ ജഗദീഷും ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ജഗദീഷ്. ലീല സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ സാമ്പത്തികമായി മികച്ച് നില്‍ക്കുകയോ ചെയ്തില്ല എന്നാണ് അദ്ദേഹം പറയുന്നത്.

പക്ഷെ ചിത്രം ഒ.ടി.ടിയിലും സാറ്റ്‌ലൈറ്റിലും വന്നപ്പോള്‍ വളരെ ഗുണം ചെയ്‌തെന്നും യുവ സംവിധായകരെല്ലാം തന്നോട് റെഫറന്‍സ് പോയന്റായി പറയുന്നത് ഈ സിനിമയെ കുറിച്ചാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ലീല സിനിമയിലെ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് തന്നെ മമ്മൂട്ടി ചിത്രമായ റോഷാക്കിലേക്ക് വിളിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

‘ലീല എന്ന സിനിമ സത്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സാമ്പത്തികമായും മികച്ച് നിന്നില്ല. പക്ഷെ ആ സിനിമ ഒ.ടി.ടിയിലും സാറ്റ്‌ലൈറ്റിലും വന്നപ്പോള്‍ ഞങ്ങള്‍ക്കൊക്കെ വളരെ ഗുണം ചെയ്തു.

യുവ സംവിധായകരെല്ലാം വന്ന് എന്നോട് റെഫറന്‍സ് പോയന്റായി പറയുന്നത് ഈ സിനിമയെ കുറിച്ചാണ്. ചേട്ടാ ലീലയിലെ കഥാപാത്രം ഗംഭീരമായി എന്ന് പറഞ്ഞിട്ടാണ് അവര്‍ സംസാരിച്ച് തുടങ്ങുന്നത്. പിന്നീടാണെങ്കിലും ആ സിനിമ ചെയ്തത് കൊണ്ട് എനിക്ക് ഗുണമുണ്ടായി.

ആ കഥാപാത്രത്തിന് ഒരു വെയിറ്റേജ് വന്നു. ലീല സിനിമയിലെ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് എന്നെ റോഷാക്കിലേക്ക് വിളിക്കുന്നത്. തുടര്‍ന്നുള്ള സിനിമകളെല്ലാം അങ്ങനെ തന്നെയാണ്. ഇപ്പോള്‍ സ്വഭാവനടന്മാര്‍ക്ക് മുന്നില്‍ ചില ചലഞ്ച് നിലനില്‍ക്കുന്നുണ്ട്. ഒരു കഥാപാത്രം മറ്റൊരു പടത്തില്‍ റിപ്പീറ്റ് ചെയ്യാതിരിക്കുക എന്നതാണ് അത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Leela Movie