ഇല്ലായ്മയില്‍ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആ നടന്‍ ഈ നിലയില്‍ എത്തിയത്: ജീവിതം എന്താണെന്ന് അദ്ദേഹത്തിന് അറിയാം: ജഗദീഷ്
Entertainment
ഇല്ലായ്മയില്‍ നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആ നടന്‍ ഈ നിലയില്‍ എത്തിയത്: ജീവിതം എന്താണെന്ന് അദ്ദേഹത്തിന് അറിയാം: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th November 2024, 7:53 am

മലയാളികള്‍ക്കെല്ലാം ഏറെ പരിചിതനായ നടനും സംവിധായകനുമാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്കെല്ലാം വലിയൊരു ഫാന്‍ ബേസ് തന്നെയുണ്ട്. സംവിധായകരായ തുളസിദാസ്, താഹ, കമല്‍, ജോസ് തോമസ് എന്നിവരുടെ അസോസിയേറ്റായാണ് ജോണി ആന്റണി തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.

ജോണി ആന്റണിയെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഇല്ലായ്മയില്‍ നിന്നാണ് കല വരുന്നതെന്നും ജോണി ആന്റണിയെല്ലാം ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് സിനിമയില്‍ എത്തിയതെന്നും ജഗദീഷ് പറയുന്നു. ഇന്ന് ജോണി ആന്റണി സിനിമയില്‍ സംവിധായകന്‍ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനായി അദ്ദേഹം ഒരുപാട് പരിശ്രമിച്ചിട്ടുണ്ടെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ജീവിതം എന്താണെന്ന് നന്നായി ജോണി ആന്റണിക്ക് അറിയാമെന്നും അങ്ങനെയുള്ളവര്‍ക്ക് കലയുമായി കൂടുതല്‍ അടുപ്പം ഉണ്ടാകുമെന്നും ജഗദീഷ് പറഞ്ഞു. വണ്‍ 2 ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഇല്ലായ്മയില്‍ നിന്നാണ് കല വരുന്നത്. സത്യസന്ധമായി പറയുകയാണെങ്കില്‍ ജോണി ഒക്കെ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് സിനിമയിലേക്ക് വരുന്നത്. ഞാന്‍ ആദ്യം പറഞ്ഞ തമാശയൊക്കെ അവിടെ നില്‍ക്കട്ടെ ഇന്ന് അവന് പടം കിട്ടുന്നുണ്ടെങ്കില്‍ അതിനെല്ലാം കാരണം അവന്റെ ഹാര്‍ഡ് വര്‍ക്ക് കാരണമാണ്.

ജോണി അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുമ്പോള്‍ മുതലേ എനിക്ക് അവനെ അറിയാം. ഒരുപാട് കഷ്ടപ്പെട്ട് ഈ നിലയില്‍ എത്തിയ ആളാണ് അദ്ദേഹം. ജീവിതം എന്താണെന്ന് നന്നായി അറിയാം. ജീവിതം എന്താണെന്ന് അറിയുന്നവര്‍ക്ക് കലയുമായിട്ട് കൂടുതല്‍ അടുപ്പം കാണും. നമ്മള്‍ ഇന്ന് കാണുന്ന ജോണി എന്ന് പറയുന്നത് ഭയങ്കര സക്‌സസ് ആയിട്ടുള്ള നടനാണ്, സംവിധായകനാണ്. എന്നാല്‍ ആ നിലയിലേക്കെത്താന്‍ അദ്ദേഹം വളരെ കഷ്ടപ്പെട്ടിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Johny Antony