മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. നിരവധി സിനിമകളിലൂടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത് ജഗദീഷ് ഭാഗമായ ഒരു സിനിമയായിരുന്നു ഗജകേസരിയോഗം.
മുംതാസ് ബഷീര്‍ നിര്‍മിച്ച് 1990ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് ഇന്നസെന്റ്, മുകേഷ്, സുനിത എന്നിവരായിരുന്നു. ഇപ്പോള്‍ ഈ സിനിമയിലെ ഇന്നസെന്റിനൊപ്പമുള്ള തന്റെ ഒരു സീന്‍ ഷൂട്ട് ചെയ്തതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ജഗദീഷ്.
‘ഗജകേസരിയോഗം എന്ന സിനിമയില്‍ ഒരു സീനുണ്ട്. ഇന്നസെന്റ് ചേട്ടന്റെ വീട്ടില്‍ ഇരുന്നിട്ട് എന്തോ കാര്യം ഡിസ്‌ക്കസ് ചെയ്യുന്നതായിരുന്നു ആ സീന്‍. സീനില്‍ ഇന്നസെന്റ് ചേട്ടന്‍ വലിയ സങ്കടത്തിലായിരുന്നു. ആനയെ വാങ്ങാന്‍ പറ്റാത്തതിന്റെയും സാമ്പത്തികമായ ബുദ്ധിമുട്ടുള്ളതിന്റെയും വിഷമമായിരുന്നു അദ്ദേഹത്തിന്.
അദ്ദേഹം ആ കാര്യം പറയുന്ന സീനാണ് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ഞാന്‍ ഒരു കുസൃതി പോലെ ഇന്നസെന്റ് ചേട്ടന്‍ പറയുന്നതിന് അനുസരിച്ച് അടുത്തുള്ള ചെടിയില്‍ പിടിച്ചു കൊണ്ട് കേള്‍ക്കുകയാണ്. ഒരു സ്റ്റേജില്‍ എത്തിയതും ഈ ചെടി മൊത്തത്തില്‍ എന്റെ കയ്യില്‍ വന്നു (ചിരി).
ഇതൊന്നും സംവിധായകന്‍ പറഞ്ഞതോ സീനില്‍ ഉള്ളതോ ആയിരുന്നില്ല. ഇന്നസെന്റ് ചേട്ടന്‍ ഒരു വലിയ ആക്ടര്‍ ആണെന്നതിന്റെ തെളിവ് കൂടെയായിരുന്നു ആ സീന്‍. കാരണം ഡയലോഗ് പറഞ്ഞ് തീര്‍ന്നതും ചേട്ടന്‍ ‘നീ എന്താ ഈ കാണിക്കുന്നേ’ എന്ന് ചോദിച്ച് അത് എന്റെ കയ്യില്‍ നിന്ന് പിടിച്ചു വാങ്ങി എറിഞ്ഞു (ചിരി),’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About Innocent