മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. എണ്‍പതുകള്‍ തൊട്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടന്‍ കൂടെയാണ്. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജഗദീഷ് ഞെട്ടിക്കുന്നുണ്ട്.
തുടക്ക കാലത്ത് ഹാസ്യ നടനായും നായക നടനായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അദ്ദേഹം തനിക്ക് ഏത് തരത്തിലുള്ള കഥാപാത്രങ്ങളും അനായാസം വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
എന്നാല്‍ താന്‍ ആഗ്രഹിച്ചിരുന്ന പോലെയുള്ള ക്യാരക്ടര്‍ റോളുകള്‍ ഒരു സമയത്ത് ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി തനിക്ക് കൂടെ അഭിനയിക്കാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുനെന്നും ജഗദീഷ് പറയുന്നു.
ലീല എന്ന പടത്തിന് ശേഷം തന്നെ തേടി വന്നിട്ടുള്ള സംവിധായകരെല്ലാം വളരെ യങ് ആയിട്ടുള്ളവരായിരുന്നെന്നും റോഷാക്ക് തൊട്ട് തന്റെ വേറൊരു ഘട്ടം തുടങ്ങുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്.റ്റി.ക്യൂ. വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജഗദീഷ്.
‘ആദ്യം ഞാന്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലേക്ക് വന്നത്. ഇന്‍ ഹരിഹര്‍ നഗറിന് ശേഷം ഞാന്‍ പിന്നീട് പത്ത് നാല്പത് പടങ്ങളില്‍ നായകനായി അഭിനയിച്ചു. അതിന് ശേഷം ഒരു സ്വഭാവ നടന്റെ ഫേസ് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒന്നും കിട്ടിയില്ല.
അഭിനയിക്കാന്‍ വേണ്ടിയാകാം ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നിട്ട് ഞാന്‍ അത് ഉപേക്ഷിച്ചു. മമ്മൂക്കക്ക് അഡ്വാന്‍സ് വരെ കൊടുത്തതായിരുന്നു. ആ സമയത്ത് വേറൊരു സിനിമയില്‍ നല്ലൊരു വേഷം കിട്ടിയപ്പോള്‍ സംവിധാനം ചെയ്യാന്‍ നിന്ന് സിനിമ അങ്ങനെയങ്ങ് ഒഴുവാക്കി, അപ്പോഴും ഞാന്‍ ഹാപ്പി ആയിരുന്നില്ല.
പിന്നീട് ലീല എന്ന് പറഞ്ഞ പടത്തിന് ശേഷം എന്നെ തേടി വന്നിട്ടുള്ള സംവിധായകരെല്ലാം വളരെ യങ് ആയിട്ടുള്ളവരായിരുന്നു. റോഷാക്ക് തൊട്ട് എന്റെ വേറൊരു ഘട്ടം തുടങ്ങുകയായിരുന്നു. സീസണ്‍ 2 എന്നോ 2.0 എന്നൊക്കെ വേണമെങ്കില്‍ പറയാം. റോഷാക്ക് തൊട്ട് ഞാന്‍ താരതമ്യേന എല്ലാം യുവ സംവിധായകരുടെ കൂടെയാണ്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About His Second Stage of Acting Starter after Rorschach Movie