മലയാള സിനിമയില്‍ നാല് പതിറ്റണ്ടിലേറെയായുള്ള നിറ സാന്നിധ്യമാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നായകനടനായും ഹാസ്യതാരമായും സ്വഭാവനടനായും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ സിനിമക്ക് വേണ്ടി അദ്ദേഹം എഴുതുകയും ചെയ്തിട്ടുണ്ട്. തനിക്ക് നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വേണ്ടി മമ്മൂട്ടിയെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യാന്‍ താന്‍ തീരുമാനിച്ചിരുന്നെന്നും ജഗദീഷ് പറയുന്നു. എന്നാല്‍ മറ്റൊരു സിനിമയില്‍ നല്ല വേഷം കിട്ടിയപ്പോള്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ല്‍ പുറത്തിറങ്ങിയ ലീല എന്ന ചിത്രത്തിന് ശേഷം തന്നെ തേടി വന്നിട്ടുള്ള സംവിധായകരെല്ലാം ചെറുപ്പക്കാരായിരുന്നുവെന്നും റോഷാക്ക് തൊട്ട് തന്റെ വേറൊരു ഘട്ടം തുടങ്ങുകയായിരുന്നുവെന്നും ജഗദീഷ് പറയുന്നു. എഫ്.റ്റി.ക്യൂ. വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജഗദീഷ്.
‘ആദ്യം ഞാന്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലേക്ക് വന്നത്. ഇന്‍ ഹരിഹര്‍ നഗറിന് ശേഷം ഞാന്‍ പിന്നീട് പത്ത് നാല്പത് പടങ്ങളില്‍ നായകനായി അഭിനയിച്ചു. അതിന് ശേഷം ഒരു സ്വഭാവ നടന്റെ ഫേസ് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒന്നും കിട്ടിയില്ല.
അഭിനയിക്കാന്‍ വേണ്ടിയാകാം ഞാന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചത്. എന്നിട്ട് ഞാന്‍ അത് ഉപേക്ഷിച്ചു. മമ്മൂക്കക്ക് അഡ്വാന്‍സ് വരെ കൊടുത്തതായിരുന്നു. ആ സമയത്ത് വേറൊരു സിനിമയില്‍ നല്ലൊരു വേഷം കിട്ടിയപ്പോള്‍ സംവിധാനം ചെയ്യാന്‍ നിന്ന സിനിമ അങ്ങനെയങ്ങ് ഒഴിവാക്കി, അപ്പോഴും ഞാന്‍ ഹാപ്പി ആയിരുന്നില്ല.
പിന്നീട് ലീല എന്ന് പറഞ്ഞ പടത്തിന് ശേഷം എന്നെ തേടി വന്നിട്ടുള്ള സംവിധായകരെല്ലാം വളരെ യങ് ആയിട്ടുള്ളവരായിരുന്നു. റോഷാക്ക് തൊട്ട് എന്റെ വേറൊരു ഘട്ടം തുടങ്ങുകയായിരുന്നു. സീസണ്‍ 2 എന്നോ 2.0 എന്നൊക്കെ വേണമെങ്കില്‍ പറയാം. റോഷാക്ക് തൊട്ട് ഞാന്‍ താരതമ്യേന എല്ലാം യുവ സംവിധായകരുടെ കൂടെയാണ്,’ ജഗദീഷ് പറയുന്നു.