മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച നടന്‍ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തില്‍ ഹാസ്യ നടനായിരുന്ന ജഗദീഷ് ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുകയാണ്. തന്റെ തുടക്ക കാലത്തെ സിനിമയെ കുറിച്ച് പറയുകയാണ് നടന്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഇന്‍ ഹരിഹര്‍ നഗറി’ന്റെ വിജയമാണ് എന്നെ നായകനാക്കാന്‍ കലൂര്‍ ഡെന്നീസിനെ പ്രേരിപ്പിച്ചത്. അദ്ദേഹം എഴുതി തുളസീദാസ് സംവിധാനം ചെയ്ത മിമിക്‌സ് പരേഡില്‍ ആദ്യമായി ഞാന്‍ നായകനായി. ആദ്യം ആ സിനിമയില്‍ പ്രധാനവേഷത്തില്‍ നിശ്ചയിച്ചത് മുകേഷിനെ ആയിരുന്നു.
എന്നാല്‍ ‘ഒറ്റയാള്‍ പട്ടാള’ത്തില്‍ അഭിനയിക്കാനായി അദ്ദേഹം ആ സിനിമയില്‍ നിന്ന് പിന്മാറി. അതോടെ ഞാന്‍ ആ സിനിമയില്‍ പരിഗണിക്കപ്പെട്ടു. നായകന്‍ എന്ന റിസ്‌ക് ഏറ്റെടുക്കാന്‍ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ മിമിക്സ് പരേഡ് തിയേറ്ററില്‍ 100 ദിവസം ഓടി.
അതൊരു തുടക്കമായിരുന്നു. പിന്നീട് സ്ത്രീധനം, വെല്‍ക്കം ടു കൊടൈക്കനാല്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, കുണുക്കിട്ട കോഴി, ഗൃഹപ്രവേശം, മാന്ത്രികച്ചെപ്പ്, കള്ളന്‍ കപ്പലില്‍ തന്നെ, തിരുത്തല്‍വാദി തുടങ്ങി ഒരുപാട് സിനിമകള്‍ ലഭിച്ചു. അതോടെ ഞാന്‍ ചെലവ് കുറഞ്ഞ സിനിമകളിലെ പതിവ് നായകനായി.
ചെറിയ ബജറ്റേയുള്ളൂ എങ്കില്‍ പോലും പ്രൊഡ്യൂസര്‍ എന്നെ പരിഗണിക്കാന്‍ തുടങ്ങി. പലരും തമാശയായി പറയും, ജഗദീഷ് പാവങ്ങളുടെ മോഹന്‍ലാലാണെന്ന്. അപ്പോഴും എല്ലാക്കാലത്തും നായകാനായി നില്‍ക്കാനാവില്ലെന്ന് എനിക്കറിയാം. നായകന്റെ പ്രധാന കൂട്ടുകാരന്റെ വേഷം ഉപേക്ഷിച്ചില്ല.
ഞാന്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ജയറാമിന്റെയും സഹനടനായി. ജാക്ക്‌പോട്ട്, ബട്ടര്‍ഫ്‌ളൈസ്, മിന്നാമിനുങ്ങിനും മിന്നുകെട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നായകവേഷം ഉപേക്ഷിച്ചിട്ടാണ് വന്ദനം, ബട്ടര്‍ഫ്‌ളൈസ് എന്നീ ചിത്രങ്ങള്‍ ചെയ്തത്. ഈ തെരഞ്ഞെടുക്കല്‍ കണ്ട് മമ്മുക്ക ഒരിക്കല്‍ നീ ബുദ്ധിമാനാണെന്ന് പറഞ്ഞു,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Talks About His Old Movies