മുമ്പ് മമ്മൂട്ടിയെ നായകനാക്കി നടന്‍ ജഗദീഷ് ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ആ സിനിമ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാന്‍ പ്ലാനിട്ടിരുന്നുവെന്നും പക്ഷെ അതൊരു ദുസ്വപ്‌നമായിരുന്നുവെന്നും പറയുകയാണ് ജഗദീഷ്.
അത് മെറ്റീരിയലൈസ് ചെയ്യാതിരുന്നത് നന്നായെന്ന് പറയുന്ന നടന്‍ ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്‌ളോപ്പ് കൂടെ കിട്ടിയേനെ എന്നാണ് തനിക്ക് ഇന്ന് തോന്നുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘മമ്മൂക്കയെ വെച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാന്‍ പ്ലാനിട്ടിരുന്നു. പക്ഷെ അതൊരു ദുസ്വപ്‌നമായിരുന്നു. സത്യത്തില്‍ അത് മെറ്റീരിയലൈസ് ചെയ്യാതിരുന്നത് നന്നായി. കാരണം ആ സിനിമ വന്നിരുന്നെങ്കില്‍ മലയാള സിനിമക്ക് ഒരു ഫ്‌ളോപ്പ് കൂടെ കിട്ടിയേനെ എന്നാണ് എനിക്ക് ഇന്ന് തോന്നുന്നത്.
അത് ഒരിക്കലും ഒരു നല്ല ചലച്ചിത്രമാകുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. ബജറ്റ് കൂടിയതിന്റെ പേരിലാണ് ആ സിനിമ സത്യത്തില്‍ ഉപേക്ഷിച്ചത്. അന്ന് ഉപേക്ഷിച്ച ആ പ്രൊഡ്യൂസറിന്റെ തീരുമാനത്തിന്റെ കൂടെയാണ് ഞാന്‍.
അന്നത്തെ രീതിയില്‍ അങ്ങനെ ഒരു സിനിമ ചിന്തിച്ചത് തെറ്റായി പോയെന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. ഈശ്വരന്‍ അനുഗ്രഹിച്ചത് കൊണ്ടാണ് ആ സിനിമ നടക്കാതിരുന്നത്. പിന്നെ സിനിമ ഡയറക്ട് ചെയ്യുക എന്നത് എന്റെ പാഷനാണെങ്കില്‍ ഞാന്‍ പിന്നീട് എന്നെങ്കിലും അത് ചെയ്യേണ്ടതായിരുന്നില്ലേ.
ഡയറക്ഷന്‍ എന്നത് എന്റെ പാഷനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഞാന്‍ അങ്ങനെയൊരു സംവിധാനത്തെ കുറിച്ച് പിന്നെ സ്വപ്‌നം കണ്ടില്ല എന്ന സത്യം. ഇനി ഭാവിയില്‍ എന്നെ സംവിധായകനായി കാണേണ്ട നിര്‍ഭാഗ്യം പ്രേക്ഷകര്‍ക്ക് ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.
എനിക്ക് ഡയറക്ഷനോട് താത്പര്യമില്ല. നമുക്ക് പാഷനല്ലാത്ത ഒരു കാര്യം ചെയ്തിട്ട് കാര്യമില്ലല്ലോ. എന്നാല്‍ ആക്ടിങ് എനിക്ക് ഇന്നും ഒരു പാഷനാണ്. എത്ര നല്ല വേഷം കിട്ടിയാലും എനിക്ക് തൃപ്തി വരില്ല എന്നതാണ് സത്യം. ഇനിയും കൂടുതല്‍ നല്ല വേഷങ്ങള്‍ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish Talks About His Dropped Cinema With Mammootty