Advertisement
Entertainment
അപ്പുകുട്ടന്‍ ഇനിയും ചെയ്യാന്‍ താത്പര്യമുണ്ട്; പക്ഷെ ഒരു കാര്യം: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 24, 06:35 am
Tuesday, 24th September 2024, 12:05 pm

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. എണ്‍പതുകള്‍ തൊട്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ നടന്‍ കൂടെയാണ്. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജഗദീഷ് ഞെട്ടിക്കുന്നുണ്ട്.

സിനിമയിലേക്ക് ജഗദീഷ് വന്ന് നാല് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രത്തിലൊന്നാണ് 1990 ല്‍ ഇറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ അപ്പുകുട്ടന്‍ എന്ന കഥാപാത്രം. സിനിമക്കുള്ളതുപോലെ അപ്പുകുട്ടനും പ്രേക്ഷകരുടെ ഇടയില്‍ ഫാന്‍ ബേസുണ്ട്.

ഇപ്പോഴും ആളുകള്‍ തന്നോട് അപ്പുകുട്ടന്‍ ചെയ്യാന്‍ താത്പര്യമില്ലേയെന്ന് ചോദിക്കുമെന്നും തനിക്ക് അത്തരം കഥാപാത്രം ചെയ്യാന്‍ താത്പര്യമുണ്ടെന്നും പറയുകയാണ് ജഗദീഷ്. എന്നാല്‍ ഇന്ന് അപ്പുക്കുട്ടനെ ചെയ്യുകയാണെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നാല്‍ മാത്രമേ അത് സാധ്യമാകുകയുള്ളെന്ന് ജഗദീഷ് പറയുന്നു.

’40 വര്‍ഷത്തെ എക്സ്പീരിയന്‍സ് എന്ന് പറയുമ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കും അപ്പുകുട്ടന്‍ ചെയ്യാന്‍ ഇനി താത്പര്യമില്ലേയെന്ന്. താത്പര്യമെല്ലാം ഉണ്ട്. പക്ഷെ ഇന്ന് ഞാന്‍ ചെയ്യുന്ന അപ്പുകുട്ടന്‍ അന്നത്തെ അതേ അപ്പുകുട്ടനെ പോലെ ആണെങ്കില്‍ ചെയ്തിട്ട് കാര്യമില്ല.

കാലം വരുത്തിയിട്ടുള്ള മാറ്റങ്ങള്‍, അപ്പുക്കുട്ടന്റെ പ്രായത്തില്‍ വന്ന മാറ്റങ്ങള്‍, അപ്പുക്കുട്ടന്റെ ചിന്തയില്‍ വന്ന മാറ്റങ്ങള്‍, ഹ്യൂമറില്‍ തന്നെ ഒരുപാട് മാറ്റങ്ങള്‍ വന്നാലേ അത് വര്‍ക്ക് ആകുകയുള്ളു.

കാരണം നമ്മള്‍ ഇപ്പോള്‍ റീലിലൂടെയും മറ്റുമായി ഓരോ കാര്യങ്ങളൊക്കെ മിടുക്കന്‍ ചെറുപ്പക്കാര്‍ ഇന്‍സ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയുമെല്ലാം കാണിക്കുന്ന രീതിയില്‍, അല്ലെങ്കില്‍ അതിനെ വെല്ലുന്ന രീതിയില്‍ കാണിച്ചാല്‍ മാത്രമേ ഇനി അപ്പുകുട്ടന്‍ ഹിറ്റ് ആകുകയുള്ളു. ആ യാഥാര്‍ഥ്യം എനിക്കറിയാം. ആ തിരിച്ചറിവുണ്ട്. അപ്പോള്‍ എന്തെങ്കിലും കാണിച്ചാല്‍ പറ്റില്ല. ആ തിരിച്ചറിവിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About His Character Appukuttan