|

മലയാളത്തിലെ ഏറ്റവും ഹോണ്ടിങ്ങായ ഹൊറര്‍ മൂവി; ആ പ്രേതത്തോട് തോന്നുക വേദനയും ഇഷ്ടവും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങളെ കുറിച്ച് പറയുകയാണ് ജഗദീഷ്. താന്‍ ആകാശഗംഗ, വെള്ളിനക്ഷത്രം എന്നീ പ്രേത ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നാണ് നടന്‍ പറയുന്നത്.

എന്നാല്‍ മലയാളത്തില്‍ ഹോണ്ടിങ്ങായതും ഇമോഷണലായി കണക്ട് ചെയ്യുന്നതുമായ സിനിമ ഭാര്‍ഗവി നിലയമാണെന്നാണ് ജഗദീഷ് പറയുന്നത്. ജാങ്കോ സ്പേസ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഞാന്‍ ആകാശഗംഗ, വെള്ളിനക്ഷത്രം എന്നീ പ്രേത ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ നല്ല ഹോണ്ടിങ് ആയിട്ടുള്ളതും ഇമോഷണലായി കണക്ട് ചെയ്യുന്നതുമായ പടം ഏതാണെന്ന് ചോദിച്ചാല്‍, അത് ഭാര്‍ഗവി നിലയമാണ്.

ആ സിനിമ ഉണ്ടായത് വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന ചെറുക്കഥയില്‍ നിന്നാണ്. ആ സിനിമയിലെ പ്രേതമായ ഭാര്‍ഗവിയോട് സാഹിത്യകാരന് തോന്നുന്ന ഒരു ഇഷ്ടമുണ്ട്.

ആ ഇഷ്ടം അതുപോലെ തന്നെ നമുക്ക് എല്ലാവര്‍ക്കും തോന്നും. കഥയില്‍ ഭാര്‍ഗവിയെ ചതിച്ചു കൊന്നതാണ്. അതുകൊണ്ട് അവളെ കൊന്നത് ഇന്നും നമുക്ക് മനസില്‍ ഒരു വേദനയായി തന്നെ നില്‍ക്കുമെന്നതാണ് സത്യം.

സത്യത്തില്‍ എനിക്ക് പ്രേത പടങ്ങള്‍ കാണുമ്പോള്‍ ഒരിക്കലും പേടി തോന്നാറില്ല. അതേസമയം എനിക്ക് പാമ്പിനെയാണ് പേടി. യക്ഷിയേയോ പ്രേതത്തെയോ പേടിയില്ല. പ്രേതം വരുമെന്നോര്‍ത്ത് ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ഉറങ്ങാനാകാതെ കിടന്നിട്ടില്ല (ചിരി),’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Haunting Horror Movie In Malayalam Cinema

Video Stories