|

'കുപിതനായി വരുന്ന ജഗദീഷിന്റെ ലക്ഷ്മണന്‍, മടലുമൂരിവരുന്ന സ്റ്റണ്ട് നായകന്മാരെ അനുസ്മരിപ്പിച്ചു' എന്നായിരുന്നു അദ്ദേഹം എഴുതിയത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ റിവ്യൂസിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ജഗദീഷ്. താന്‍ എല്ലാ റിവ്യൂസും കാണാറുണ്ടെന്നും അതിന്റെ വാല്യൂ മനസിലാക്കുന്നുണ്ടെന്നും ജഗദീഷ് പറയുന്നു. സിനിമയെ ആഴത്തില്‍ പഠിച്ച് റിവ്യൂ പറയുന്നവര്‍ നെഗറ്റീവ് പറഞ്ഞാല്‍ അത് സ്വീകരിക്കുമെന്നും എന്നാല്‍ എന്തെങ്കിലും പറയണമല്ലോയെന്നോര്‍ത്ത് പറയുന്നവരുടെ വരെ വാക്കുകള്‍ വിഷമിപ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജി. ശങ്കരപ്പിള്ള സംവിധാനം ചെയ്ത നാടകത്തില്‍ ലക്ഷ്മണനായി താന്‍ വേഷമിട്ടിരുന്നുവെന്നും അതിന് തന്നെ വിമര്‍ശിച്ച് ജയചന്ദ്രന്‍ എഴുതിയത്, ‘ചേട്ടനെ കാട്ടിലേക്ക് അയക്കുന്നതില്‍ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണന്‍, മടലും ഊരിവരുന്ന തനി സ്റ്റണ്ട് നായകന്മാരെ അനുസ്മരിപ്പിച്ചു’ എന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം വിമര്‍ശനങ്ങള്‍ കേട്ടുകൊണ്ടാണ് താന്‍ വളര്‍ന്നതെന്നും അതുകൊണ്ടുതന്നെ റിവ്യൂ കേട്ടാല്‍ തനിക്ക് നിരാശ ഉണ്ടാകില്ലെന്നും ജഗദീഷ് പറഞ്ഞു. മീഡിയ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഞാന്‍ എല്ലാ റിവ്യൂസും കാണാറുണ്ട്. അതിന്റെ മൂല്യവും ഞാന്‍ മനസിലാക്കുന്നുണ്ട്. നന്നായി സിനിമയെ കുറിച്ച് പഠിച്ച് സംസാരിക്കുന്നവരും ഉണ്ട്, അതിന്റെ ഡെപ്തിലേക്കൊന്നും പോകാതെ എന്തെങ്കിലും പറയണമല്ലോയെന്നോര്‍ത്ത് പറയുന്നവരും ഉണ്ട്. അവര്‍ക്ക് പോലും നമ്മുടെ മനസ് കുറച്ച് നേരത്തേക്ക് വിഷമിപ്പിക്കാന്‍ കഴിയും.

സിനിമയെ കുറിച്ച് നന്നായി പഠിച്ച് റിവ്യൂ പറയുന്നവര്‍ നമ്മുടെ സിനിമയെ കുറിച്ച് ഒരു നെഗറ്റിവ് പറഞ്ഞാല്‍ നമ്മള്‍ അത് സ്വീകരിക്കണം എന്നാണ് എന്റെ പക്ഷം. കാരണം അവര്‍ പറയുന്നതില്‍ കാര്യമുണ്ടാകും, കാരണമുണ്ടാകും.

മറിച്ച് സിനിമയെ കുറിച്ച് ഒന്നും പഠിച്ചിട്ടില്ല എന്ന് നമുക്ക് ബോധ്യമുള്ളവര്‍, ഒരു സെന്റെന്‍സ് പോലും മുഴുവനായിട്ട് പറയാന്‍ കഴിയാത്തവര്‍ വന്നിട്ട് ‘ജഗദീഷ് പരമ ബോറായി’ എന്ന് പറഞ്ഞാല്‍ പോലും കുറച്ച് നേരം നമുക്ക് വിഷമം തോന്നും. അത് കഴിഞ്ഞാല്‍ നമ്മള്‍ മറക്കും.

ജി.ശങ്കരപ്പിള്ള സാറിന്റെ സംവിധാനത്തില്‍ വന്ന ‘സാകേതം’ എന്ന നാടകത്തില്‍ ലക്ഷ്മണനായിട്ട് ഞാന്‍ അഭിനയിച്ചിരുന്നു. നന്നായി ചെയ്തു എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷെ ജയചന്ദ്രന്‍ സാര്‍, അദ്ദേഹം നമ്മളെ വിട്ട് പിരിഞ്ഞു, അദ്ദേഹം എഴുതിയ റിവ്യൂവില്‍ പറയുന്നത് ‘ചേട്ടനെ കാട്ടിലേക്ക് അയക്കുന്നതില്‍ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണന്‍, മടലും ഊരിവരുന്ന തനി സ്റ്റണ്ട് നായകന്മാരെ അനുസ്മരിപ്പിച്ചു’ എന്നാണ്.

അത്തരം നിരൂപണങ്ങള്‍ കണ്ട് വളര്‍ന്ന് വന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ എനിക്ക് നിരാശയില്ല. നമ്മള്‍ എടുക്കുന്ന എഫര്‍ട്‌സിനെ അംഗീകരിച്ചാല്‍ സന്തോഷം. എഫര്‍ട്‌സിനെ അംഗീകരിച്ചില്ലെങ്കിലും താഴ്ത്തി പറഞ്ഞാല്‍ ചെറിയ വിഷമമാകും,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish talks about film reviews