Entertainment
എനിക്ക് ധ്യാന്‍ ശ്രീനിവാസനോട് വിയോജിപ്പുണ്ട്; ഇത് അവനെതിരെയുള്ള ഒളിയമ്പല്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 05, 07:35 am
Wednesday, 5th March 2025, 1:05 pm

ഈയിടെ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പിനെ പ്രൊമോട്ട് ചെയ്തു കൊണ്ടുള്ള പരസ്യം ചെയ്തിരുന്നു. അതിനെ കുറിച്ച് നടനോട് ഒരു പ്രസ്മീറ്റില്‍ ചോദിച്ചപ്പോള്‍ തനിക്ക് ‘സാമൂഹ്യ പ്രതിബദ്ധതയില്ല’ എന്നായിരുന്നു മറുപടി നല്‍കിയത്.

അതിനോടുള്ള തന്റെ അഭിപ്രായം പറയുകയാണ് നടന്‍ ജഗദീഷ്. കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്തമുണ്ടെന്നും ജഗദീഷ് പറയുന്നു.

താന്‍ ഇങ്ങനെ പറയുന്നത് ധ്യാന്‍ ശ്രീനിവാസന് എതിരെയുള്ള ഒളിയമ്പല്ലെന്നും അങ്ങനെ വാര്‍ത്ത കൊടുക്കരുതെന്നും നടന്‍ പറഞ്ഞു. നാന്‍സിറാണി എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

ധ്യാന്‍ ശ്രീനിവാസനോട് തനിക്ക് വിയോജിപ്പുണ്ടെന്ന് വേണമെങ്കില്‍ രേഖപ്പെടുത്തിക്കോളൂവെന്നും കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് തന്നെയാണ് തന്റെ പക്ഷമെന്ന് കൊടുത്തോളൂവെന്നും ജഗദീഷ് പറയുന്നു.

‘കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കലാകാരന്മാര്‍ക്ക് സമൂഹത്തോട് ഒരു ഉത്തരവാദിത്വമുണ്ട്. ഞാനൊക്കെ വളരെ അധികം പേടിച്ചിട്ടാണ് ഒരു പരസ്യത്തില്‍ അഭിനയിക്കുന്നത്. ഉദാഹരണത്തിന് ഒരു പണമിടപാട് സ്ഥാപനത്തിന് പരസ്യം ചെയ്യേണ്ടി വരികയാണെന്ന് കരുതുക.

അത് നല്ല രീതിയില്‍ പ്രവര്‍ക്കിക്കുന്ന സ്ഥാപനമല്ലെങ്കില്‍ ജനങ്ങള്‍ എന്നോട് ‘ജഗദീഷ് പറഞ്ഞിട്ടാണ് ഞങ്ങളൊക്കെ പൈസ കൊണ്ടുപോയി ഇട്ടത്’ എന്ന് പറയും. അതുകൊണ്ട് ഒരു പണമിടപാട് സ്ഥാപനമാണെങ്കില്‍ അതിന്റെ റെപ്യൂട്ടേഷന്‍ എന്താണെന്ന് അന്വേഷിച്ച് അറിയേണ്ട ധാര്‍മികമായ ഉത്തരവാദിത്തം നമുക്കുണ്ട്.

ഇന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അനുസരിച്ച് ഒരു ക്രീം തേച്ചാല്‍ മുഖം വെളുക്കുമെന്ന് നമ്മള്‍ പറയണമെങ്കില്‍ ആ ക്രീമിന്റെ ഫലം എന്താണെന്ന കാര്യത്തില്‍ നടന് ബോധ്യം വേണം. അങ്ങനെ ബോധ്യപെട്ട ശേഷമേ അതിന് വേണ്ടി എന്‍ഡോഴ്‌സ് ചെയ്യാവൂ. അതാണ് ഇപ്പോഴത്തെ റൂള്‍. അതുകൊണ്ട് നമ്മള്‍ അല്‍പ്പം സൂക്ഷിക്കണം. സമൂഹത്തോട് നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. അതില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ പറ്റില്ല.

ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ ധ്യാന്‍ ശ്രീനിവാസന് എതിരെ ഒളിയമ്പുമായി ജഗദീഷെന്ന് വാര്‍ത്ത കൊടുക്കരുത്. അത് എനിക്ക് വളരെ വിഷമമുള്ള കാര്യമാണ്. കാരണം എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും സഹായിച്ചിട്ടുള്ള, എനിക്ക് പാതവെട്ടി തന്നിട്ടുള്ള ശ്രീനിവാസന്റെ മകനാണ് ധ്യാന്‍. എന്റെ അനിയനെന്ന നിലയിലും എനിക്ക് ധ്യനിനെ വലിയ ഇഷ്ടമാണ്.

ഇത് ധ്യാന്‍ ശ്രീനിവാസന് എതിരെയുള്ള ഒളിയമ്പല്ല. ധ്യാന്‍ ശ്രീനിവാസനോട് എനിക്ക് വിയോജിപ്പുണ്ടെന്ന് വേണമെങ്കില്‍ രേഖപ്പെടുത്തിക്കോളൂ. കലാകാരന് സമൂഹത്തോട് പ്രതിബദ്ധത വേണമെന്ന് തന്നെയാണ് എന്റെ പക്ഷമെന്ന് കൊടുത്തോളൂ. എന്നാല്‍ അത് അദ്ദേഹത്തിന് എതിരെ വ്യക്തിപരമായിട്ടുള്ള പരാമര്‍ശമായി കൊടുക്കരുത്. പ്ലീസ്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Jagadish Talks About Dhyan Sreenivasan