| Tuesday, 19th November 2024, 9:15 am

മലയാളത്തിലെ പ്രേത സിനിമകളില്‍ ഹോണ്ടിങ്ങായത് ഒന്നുമാത്രം; ആ പ്രേതത്തോട് ഇഷ്ടവും വേദനയും തോന്നും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആകാശഗംഗ, വെള്ളിനക്ഷത്രം എന്നീ പ്രേത സിനിമകളിലൊക്കെ താന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ വളരെ ഹോണ്ടിങ് ആയിട്ടുള്ളതും ഇമോഷണലായി കണക്ട് ചെയ്തിട്ടുള്ളതുമായ പടമാണ് ഭാര്‍ഗവി നിലയമെന്ന് പറയുകയാണ് നടന്‍ ജഗദീഷ്.

ആ സിനിമയില്‍ പ്രേതമായ ഭാര്‍ഗവിയോട് സാഹിത്യകാരന് തോന്നുന്ന ഇഷ്ടം അതുപോലെ തന്നെ നമുക്ക് എല്ലാവര്‍ക്കും തോന്നുമെന്നും ഭാര്‍ഗവിയെ ചതിച്ചു കൊന്നത് ഇന്നും നമുക്ക് മനസില്‍ ഒരു വേദനയായിട്ട് നില്‍ക്കുമെന്നും നടന്‍ പറയുന്നു.

തനിക്ക് പ്രേത പടങ്ങള്‍ കാണുമ്പോള്‍ ഒരിക്കലും പേടി തോന്നാറില്ലെന്നും പ്രേതം വരുമെന്നോര്‍ത്ത് ജീവിതത്തില്‍ ഒരിക്കലും ഉറങ്ങാനാകാതെ കിടന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ആകാശഗംഗ, വെള്ളിനക്ഷത്രം എന്നീ പ്രേത സിനിമകളിലൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ മലയാളത്തില്‍ നമുക്ക് ഒരു നല്ല ഹോണ്ടിങ് ആയിട്ടുള്ള, ഇമോഷണല്‍ ആയിട്ട് കണക്ട് ചെയ്തിട്ടുള്ള പടമാണ് ഭാര്‍ഗവി നിലയം.

വൈക്കം മുഹമ്മദ് ബഷീറിന്റെ നീല വെളിച്ചം എന്ന ചെറുക്കഥയില്‍ നിന്നാണ് ആ സിനിമയുണ്ടത്. ആ സിനിമയില്‍ പ്രേതമായ ഭാര്‍ഗവിയോട് സാഹിത്യകാരന് തോന്നുന്ന ഇഷ്ടം അതുപോലെ തന്നെ നമുക്ക് എല്ലാവര്‍ക്കും തോന്നും. ഭാര്‍ഗവിയെ ചതിച്ചു കൊന്നതാണ്. അവളെ കൊന്നത് ഇന്നും നമുക്ക് മനസില്‍ ഒരു വേദനയായിട്ട് നില്‍ക്കും.

എനിക്ക് പ്രേത പടങ്ങള്‍ കാണുമ്പോള്‍ ഒരിക്കലും പേടി തോന്നാറില്ല. എനിക്ക് സത്യത്തില്‍ പാമ്പിനെ പേടിയാണ്. പക്ഷെ യക്ഷിയേയോ പ്രേതത്തെയോ പേടിയില്ല. പ്രേതം വരുമെന്ന് ഓര്‍ത്ത് ഞാന്‍ ജീവിതത്തില്‍ ഒരിക്കലും ഉറങ്ങാന്‍ ആകാതെ കിടന്നിട്ടില്ല,’ ജഗദീഷ് പറയുന്നു.

ജഗദീഷിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഹലോ മമ്മി’. ഐശ്വര്യ ലക്ഷ്മി – ഷറഫുദ്ദീന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്ന ഏറ്റവും പുതിയ ഫാന്റസി കോമഡി ചിത്രമാണ് ഇത്. നവാഗതനായ വൈശാഖ് എലന്‍സാണ് ഈ ചിത്രം സംവിധാനം ചെയ്തത്.


Content Highlight: Jagadish Talks About Bhargavi Nilayam And Horror Movies

We use cookies to give you the best possible experience. Learn more