Entertainment
അന്ന് പൃഥ്വിരാജ് ചിത്രത്തില്‍ ഞാന്‍ ബോറടിക്കാതെ ഇരിക്കാനുള്ള കാരണം ആ നടന്റെ പുച്ഛം: ജഗദീഷ്

ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരന്‍ – ബേസില്‍ ജോസഫ് എന്നിവര്‍ ഒന്നിച്ച ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. വിപിന്‍ ദാസ് ആയിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ജഗദീഷിനൊപ്പം അഭിനയിക്കാന്‍ നടന്‍ ബൈജു സന്തോഷും ഉണ്ടായിരുന്നു.

ഇപ്പോള്‍ ബൈജു സന്തോഷിനെ കുറിച്ച് പറയുകയാണ് ജഗദീഷ്. ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ് സമയത്ത് തന്നെ വളരെ ത്രില്ലാക്കി നിര്‍ത്തിയത് ബൈജുവാണ് എന്നാണ് ജഗദീഷ് പറയുന്നത്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ തനിക്ക് ഒന്നോ രണ്ടോ സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അന്നൊക്കെ ബോറടിക്കാതെ ഇരിക്കാനുള്ള കാരണം ബൈജുവിന്റെ പുച്ഛമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ഷൂട്ടിങ് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ഷൂട്ടിങ് സമയത്ത് എന്നെ വളരെ ത്രില്ലാക്കി നിര്‍ത്തിയത് ബൈജു എന്ന നടനാണ് (ചിരി). സിനിമയുടെ ക്ലൈമാക്‌സ് എല്ലാവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ. അത് കണ്ടാല്‍ ഒരു കാര്യം മനസിലാകും. എനിക്ക് ഒരു ദിവസം ഷൂട്ട് ചെയ്യാന്‍ ചിലപ്പോള്‍ ഒരൊറ്റ ഷോട്ട് മാത്രമേ ഉണ്ടാകുകയുള്ളൂ. ഭാഗ്യമുണ്ടെങ്കില്‍ ചില ദിവസം രണ്ട് ഷോട്ടുകള്‍ ഉണ്ടാകും.

ആ സമയത്ത് ബോറടിക്കാതെ ഇരിക്കാനുള്ള കാരണം ബൈജുവിന്റെ പുച്ഛമായിരുന്നു (ചിരി). വിപിന്‍ എന്നെ ഒരു ദിവസം സിനിമയിലെ പാട്ട് സീനിലേക്ക് വിളിച്ചു. ‘ഷൂട്ടിങ് ഉള്ളത് കൊണ്ട് മൂന്ന് ദിവസം രാത്രിയില്‍ ഉറക്കമുണ്ടാകില്ല’ എന്ന് വിപിന്‍ പറഞ്ഞു. ഞാന്‍ വരാമെന്ന് മറുപടി നല്‍കി. ഉടനെ ബൈജു എന്റെ അടുത്തേക്ക് വന്നു. നിങ്ങള്‍ സമ്മതിച്ചോയെന്ന് ചോദിച്ചു. ഞാന്‍ അതേയെന്ന് പറഞ്ഞപ്പോള്‍ ‘എന്തിന്? ആവശ്യമില്ല’ എന്നായിരുന്നു ബൈജു പറഞ്ഞത് (ചിരി),’ ജഗദീഷ് പറഞ്ഞു.

ഗുരുവായൂരമ്പല നടയില്‍:

പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തില്‍ പറഞ്ഞത്.

ജഗദീഷിനും ബൈജുവിനും പുറമെ അനശ്വര രാജന്‍, നിഖില വിമല്‍, ഇര്‍ഷാദ് അലി, പി.വി. കുഞ്ഞികൃഷ്ണന്‍ ഉള്‍പ്പെടെ വലിയ താരനിര തന്നെ സിനിമക്കായി ഒന്നിച്ചിരുന്നു. യോഗി ബാബു ആദ്യമായി എത്തിയ മലയാള ചിത്രമെന്ന പ്രത്യേകതയും ഗുരുവായൂരമ്പല നടയിലിനുണ്ടായിരുന്നു.

Content Highlight: Jagadish Talks About Baiju Santhosh