|

താരജാഡയോ താരപദവിയോ ഒരുകാലത്തും മലയാളി എനിക്ക് സങ്കല്പിച്ച് തന്നിട്ടില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1984ൽ പുറത്തിറങ്ങിയ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയർ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാൻ സാധിക്കുന്നത്.

താര ജാഡയെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. അഭിനയത്തിന്റെ കാര്യത്തിൽ വളരെ സ്റ്റാർഡമുള്ള താരങ്ങളുടെ ലെവലിൽ കോമഡിയൻസിനെ കാണുന്നില്ല എന്നൊരു തോന്നൽ ഒരു കാലം വരെ ഉണ്ടായിരുന്നുവെന്ന് ജഗദീഷ് പറയുന്നു. താൻ ഒരു അധ്യാപകൻ കൂടിയായതുകൊണ്ട് പൊതുവെ കോമഡിയൻസിനോടുള്ള രണ്ടാംതരം പൗരനോടെന്നപോലുള്ള സമീപനം തനിക്ക് മറികടക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു.

നെഗറ്റീവ് വേഷം ചെയ്യുന്ന ഒരു നടനെ ലൊക്കേഷനിൽ എല്ലാവരും സൂക്ഷ്മമായിട്ടാകും നിരീക്ഷിക്കുക എന്നും എന്നാൽ കോമഡി ചെയ്യുന്ന ഒരാളോട് അല്പം കൂടി സ്വാതന്ത്ര്യത്തോടെയുള്ള സമീപനമാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘അഭിനയത്തിൻ്റെ കാര്യത്തിൽ വളരെ സ്റ്റാർഡമുള്ള താരങ്ങളുടെ, വലിയ അഭിനേതാക്കളുടെ ഈ ലെവലിൽ കൊമേഡിയൻസിനെ കാണുന്നില്ല എന്നൊരു തോന്നൽ ഒരു കാലം വരെ ഉണ്ടായിരുന്നു. ഞാൻ അത് ഒരുകാലത്ത് ഒരു പരിധിവരെ മറികടന്നത് ഞാൻ ഒരു അധ്യാപകൻ കൂടി ആയതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഞാൻ ഒരു ഹാസ്യനടനാണ് എന്നതുകൊണ്ടുള്ള ഒരു രണ്ടാംതരം പൗരൻ്റെ ട്രീറ്റ്മെൻ്റ് എനിക്ക് കിട്ടിയിട്ടില്ല.

ഉദാഹരണത്തിന് നെഗറ്റീവ് വേഷം ചെയ്യുന്ന ഒരു നടൻ ലൊക്കേഷനിൽ ഉണ്ടെങ്കിൽ എല്ലാവരും സൂക്ഷമായിട്ടായിരിക്കും നോക്കുക. നേരെ മറിച്ച് എന്നെപോലെ ഒരു ഹാസ്യ നടൻ ആണെങ്കിൽ ‘എടാ ജഗദീഷേ’ എന്ന് വിളിച്ച് അത്ര സ്വാതന്ത്ര്യത്തോടെ വന്നു തോണ്ടും. അത് നമ്മൾ സന്തോഷത്തോടെ എടുക്കണം. ഒരു താരജാഡയോ താരപദവിയോ ഒരുകാലത്തും മലയാളി എനിക്ക് സങ്കല്പിച്ച് തന്നിട്ടില്ല,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talks About Audience Attitude Towards Comedy Actors

Video Stories