|

അന്ന് എനിക്ക് പേര് കിട്ടുന്ന ഒരു പെര്‍ഫോമന്‍സ് ആസിഫ് അലി നടത്തി; ഒരിക്കലും മറക്കില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. എന്നാല്‍ ഈയിടെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ഞെട്ടിക്കുകയാണ് ജഗദീഷ്.

ലീല, റോഷാക്ക് എന്നീ സിനിമകളായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ മറ്റൊരു ഫേസിലേക്ക് കൊണ്ടുപോകുന്നത്. ഒപ്പം കഴിഞ്ഞ വര്‍ഷമിറങ്ങിയ കിഷ്‌കിന്ധാ കാണ്ഡവും ജഗദീഷിന്റെ മികച്ച സിനിമകളില്‍ ഒന്നാണ്. അതില്‍ ആസിഫ് അലിയായിരുന്നു നായകന്‍.

ഇപ്പോള്‍ ആസിഫ് അലിയെ കുറിച്ചും ആസിഫിനൊപ്പം അഭിനയിച്ച സിനിമകളെ പറ്റിയും പറയുകയാണ് ജഗദീഷ്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കാപ്പ എന്ന സിനിമയില്‍ ആസിഫിനൊപ്പം അഭിനയിച്ച സീനിനെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

‘ഞാനും ആസിഫും ആദ്യമായി അഭിനയിക്കുന്നത് ഒഴിമുറി എന്ന സിനിമയിലാണ്. അന്ന് തന്നെ വര്‍ക്ക് ചെയ്യാന്‍ വളരെ സ്മൂത്തായ ഒരു ബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം അന്ന് മുതല്‍ തുടര്‍ച്ചയായ കോണ്ടാക്ടുണ്ടായിരുന്നു എന്നല്ല.

പിന്നീട് ഒരുമിച്ച് കാപ്പ എന്ന സിനിമയില്‍ വന്നു. അതില്‍ അവിസ്മരണീയമായിട്ടുള്ള ചില കാര്യങ്ങളുണ്ട്. എന്റെ റോളിന് പേര് കിട്ടാന്‍ സഹായകമായ രീതിയില്‍ ഉള്ള ഒരു പെര്‍ഫോമന്‍സ് ആസിഫിന്റെ ഭാഗത്ത് നിന്നുണ്ടായി. അത് എനിക്ക് ഒരിക്കലും മറക്കാനാവില്ല.

ലീല, റോഷാക്ക് എന്നീ സിനിമകള്‍ക്ക് ശേഷം എനിക്ക് വളരെയധികം പേര് കിട്ടിയ ഒരു കഥാപാത്രമായിരുന്നു കാപ്പ എന്ന സിനിമയിലേത്. അതില്‍ തന്നെ എനിക്ക് ഏറ്റവും പേര് കിട്ടിയ കോമ്പിനേഷന്‍ ആസിഫിന്റെ ഒപ്പമുള്ളതായിരുന്നു.

അതില്‍ ഞങ്ങള്‍ മഴയത്ത് ഒരുമിച്ചുള്ള ഒരു സീക്വന്‍സുണ്ടായിരുന്നു. അത് വളരെ ഇമോഷണലായ ഒന്നായിരുന്നു. ആ സീനില്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും രണ്ട് ഇമോഷന്‍സായിരുന്നു. ഷാജി കൈലാസിന്റെ ഗംഭീരമായ ഷോട്ട് കൂടിയായിരുന്നു അത്.

മലയാള സിനിമക്ക് കിട്ടാവുന്ന ഏറ്റവും നല്ല മൂഹൂര്‍ത്തങ്ങളില്‍ ഒന്നായിരുന്നു അന്ന് കിട്ടിയത്. അതിനുശേഷമാണ് കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നത്,’ ജഗദീഷ് പറയുന്നു.


Content Highlight: Jagadish Talks About Asif Ali And Kaapa Movie

Video Stories