ഇന്ത്യയിലെ ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ എനിക്ക് ഒന്നര സീൻ ഉണ്ടായിരുന്നു: ജഗദീഷ്
Entertainment
ഇന്ത്യയിലെ ആ സൂപ്പർ ഹിറ്റ്‌ ചിത്രത്തിൽ എനിക്ക് ഒന്നര സീൻ ഉണ്ടായിരുന്നു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 7:40 pm

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി കരിയർ തുടങ്ങിയ ജഗദീഷിന്റെ കോമഡികൾ പലതും ഇന്നും പ്രേക്ഷകർ ഓർത്തോർത്തു ചിരിക്കുന്നവയാണ്.

ഗോഡ് ഫാദറിലെ മായൻക്കുട്ടിയും, ഇൻ ഹരിഹർ നഗറിലെ അപ്പുകുട്ടനുമെല്ലാം ഏറെ ആരാധകരുള്ള ജഗദീഷിന്റെ കഥാപാത്രങ്ങളാണ്.
എന്നാൽ ഇന്ന് സീരിയസ് കഥാപാത്രങ്ങളും മികച്ച വേഷങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ജഗദീഷ്. പുതിയ കാലത്തെ സിനിമയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനാണ് തന്റെ ആദ്യ സിനിമയെന്നും അതിൽ തനിക്ക് ഒന്നര സീനാണ് ഉള്ളതെന്നും ജഗദീഷ് പറയുന്നു. ആദ്യം ഒരു സീനായിരുന്നു തനിക്ക് നിശ്ചയിച്ചിരുന്നതെന്നും എന്നാൽ പിന്നീട് കുറച്ച് ഭാഗങ്ങൾ കൂടി തനിക്ക് ഉൾപ്പെടുത്തി തന്നെന്നും ജഗദീഷ് പറയുന്നു. അമൃത ടി. വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിൽ ഒന്നര സീനാണ് എനിക്കുള്ളത്. കാരണം അതിൽ ആദ്യം എനിക്ക് നിശ്ചയിച്ചിരുന്നത് ഒരു സീൻ ആയിരുന്നു. അര സീൻ കൂടെ കൂട്ടാൻ ഒരു കാരണമുണ്ട്.

ക്യാമ്പറെ ഡാൻസിനെ കുറിച്ച് അനൗൺസ് ചെയ്യുന്നത് ഒരാളും ടിക്കറ്റ് കൊടുക്കുന്നത് വേറേ ഒരാളുമായിരുന്നു. പക്ഷെ റിഹേഴ്സൽ കഴിഞ്ഞപ്പോൾ അവർക്ക് തോന്നി ടിക്കറ്റ് മുറിച്ചു കൊടുക്കുന്ന വേഷം കൂടി എനിക്ക് തരാമെന്ന്.

രഘുനാഥ് പാലേരിക്കും, ജിജോയ്ക്കും അതിന്റെ അസോസിയേറ്റായ രാജീവ്‌ കുമാറിനുമെല്ലാം തോന്നി എനിക്ക് അര സീൻ കൂടെ തരാമെന്ന്. അവർ എന്നോട് പറഞ്ഞു, ടിക്കറ്റ് മുറിക്കുന്ന ആളായിട്ട് വെച്ചിരുന്നത് വേറേ ഒരാളെയാണെന്ന്. പക്ഷെ അത് നവോദയയിലെ ആർട്ടിസ്റ്റ് ഒന്നുമല്ല.

അതുംകൂടെ ജഗദീഷ് തന്നെ ചെയ്തോട്ടെ എന്ന് പറഞ്ഞാണ് എനിക്ക് ആ സീൻ കിട്ടിയത്. അങ്ങനെ ഒരു സീനിന് പകരം ഒന്നര സീൻ എനിക്ക് ലഭിച്ചു. നീണ്ട സിനിമ ജീവിതത്തിലേക്കുള്ള ടിക്കറ്റാണ് എനിക്കന്ന് ലഭിച്ചത്,’ജഗദീഷ് പറയുന്നു.

Content highlight: Jagadish Talk About His Character In  My Dear Kuttichathan