| Tuesday, 16th October 2018, 6:31 pm

എന്തിനു വേണ്ടി അവര്‍ മാപ്പു പറയണം; അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് നടി പരാതിപ്പെട്ടപ്പോള്‍ സിദ്ദീഖ് എവിടെയായിരുന്നു: ജഗദീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയോടും അവരുടെ കൂടെ നില്‍ക്കുന്നവരോടും മാപ്പ് പറയാന്‍ സിദ്ദീഖ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് നടന്‍ ജഗദീഷ്. A.M.M.A ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. പക്ഷേ അവരെക്കൊണ്ട് മാപ്പു പറയിക്കണം എന്നാണ് സിദ്ദീഖ് പറയുന്നത്. എന്തിനു വേണ്ടി അവര്‍ മാപ്പു പറയണം? ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്ന് പോയിട്ട്, നമ്മള്‍ അവരോട് പറയുന്നു നിങ്ങള്‍ മാപ്പ് പറയണം എന്ന്- ജഗദീഷ് പറഞ്ഞു.

“എത്രയോ വര്‍ഷം മുമ്പ് അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന് അവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി തന്നതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദീഖ് ഇപ്പോള്‍ പറയുകയാണ് ആരുടെയൊക്കെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാന്‍. എന്താണിത്?” ജഗദീഷ് ചോദിക്കുന്നു.


അതേസമയം, സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരോട് ചോദിച്ചാണ് താന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് വിശദീകരിച്ചു.

“വാട്സ്ആപ്പ് ഗ്രൂപ്പില്‍ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളും ആ പ്രസ് റിലീസിനെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. മാത്രമല്ല, ഓരോ കാര്യങ്ങളും മോഹന്‍ലാലുമായി ഞാന്‍ ചര്‍ച്ച ചെയ്തിരുന്നു. അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നീടാണ് പെട്ടെന്ന് സിദ്ദീഖും ലളിത ചേച്ചിയും വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും” ജഗദീഷ് പറയുന്നു.

അതേസമയം, സിദ്ദീഖിന്റെ പത്രസമ്മേളനം നടക്കുന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍വെച്ചാണെന്ന് ജഗദീഷ് പറഞ്ഞു. ആരോപണവിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ലെന്ന് ജഗദീഷ് വ്യക്തമാക്കി.

“ഇത് വളരെ സ്ട്രെയ്ഞ്ച് ആണ്. ആരോപണവിധേയനായ ആളുടെ സെറ്റില്‍വച്ച് അയാളെ പിന്തുണച്ചല്ലേ സംസാരിക്കാന്‍ പറ്റൂ? നമ്മുടെ പ്രസ് റിലീസില്‍ ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നൊന്നും പറയുന്നില്ല. ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ആ ധാര്‍മ്മികത എന്തെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്, ഒരു വ്യക്തിയല്ലെ”ന്നും ജഗദീഷ് പറഞ്ഞു.


കെ.പി.എ.സി ലളിത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ജഗദീഷ് ചോദിക്കുന്നു. ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്സണ്‍ ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ സംസാരിക്കാന്‍ A.M.M.A ചേച്ചിയെ ചുമതലപ്പെടുത്തണമെന്നും ജഗദീഷ് പറഞ്ഞു.

We use cookies to give you the best possible experience. Learn more