മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നാണ് വന്ദനം. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഗിരിജ ഷെട്ടാര്‍ ആയിരുന്നു നായിക. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ബാംഗ്ലൂരില്‍ വച്ചാണ് ചിത്രീകരിക്കപ്പെട്ടത്.
വന്ദനം സിനിമയിലെ ഒരു സീനിനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ചിത്രത്തില്‍ ബെംഗളൂരു നഗരത്തിലൂടെയുള്ള സൈക്കിള്‍ ചേസിങ് രംഗം താന്‍ ശാരീരികമായി വളരെ ബുദ്ധിമുട്ടി ചെയ്ത രംഗമാണെന്നും മിനിറ്റുകള്‍ മാത്രമുള്ള ആ ഷോട്ടെടുക്കാന്‍ ദിവസങ്ങളോളം കഷ്ടപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫിസിക്കലി ഞാന്‍ ഏറ്റവും കൂടുതല്‍ സ്ട്രെയിന്‍ എടുത്തിരിക്കുന്നത് വന്ദനം സിനിമയിലെ ചേസിങ് സീന്‍ എടുക്കുമ്പോഴായിരുന്നു. അതൊരുപാട് ബുദ്ധിമുട്ടിയെടുത്ത രംഗമായിരുന്നു. ഇപ്പോള്‍ പ്രേക്ഷകര്‍ കാണുന്നത് എത്ര മിനിറ്റാണോ അതിനേക്കാള്‍ ഒരുപാട് നേരമായിരുന്നു ഷൂട്ടിംഗ് ടൈം. എന്നും രാവിലെ എട്ട് മണി മുതല്‍ ഒന്‍പത് മണി വരെ, അല്ലെങ്കില്‍ ഏഴര മണി മുതല്‍ ഒന്‍പതര മണി വരെ ആ രംഗം ഷൂട്ട് ചെയ്യും.
ബെംഗളൂരുവിലെ തിരക്കിന് മുമ്പ് അത് പ്രിയന് ഷൂട്ട് ചെയ്യണമായിരുന്നു. എന്നും രാവിലെ ആ രംഗത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ടാണ് ഞങ്ങള്‍ ആഹാരം വരെ കഴിച്ചിരുന്നത്. അങ്ങനെ കുറെ ദിവസം ഷൂട്ട് ചെയ്തതാണ് നിങ്ങള്‍ ഇപ്പോള്‍ സ്‌ക്രീനില്‍ കാണുന്നത്. ആ രംഗത്തിന്റെ കുറച്ച് ഭാഗങ്ങള്‍ ചെന്നൈയിലെ സെറ്റിലും ഷൂട്ട് ചെയ്തിട്ടുണ്ട്. എന്നും രാവിലെ ഒരു രണ്ടു മണിക്കൂര്‍ വെച്ച് കുറെ ദിവസം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് കാണിക്കുന്നത്.
അതില്‍ എന്നെ കമ്പിയിലിട്ട് പൊക്കിയിട്ടാണ് പോകുന്നത്. കുറെ ആളുകള്‍ ചോദിച്ചു ആ സീറ്റ് ഇല്ലാതെ സൈക്കിളില്‍ ഇരുന്നതൊക്കെ എന്താ സംഭവമെന്ന്, യഥാര്‍ത്ഥത്തില്‍ അതിന്റെ പകുതിയൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെ ക്യാമറ ട്രിക്ക് ഒന്നും ഇല്ല. സഹിക്കാന്‍ കഴിയാത്ത വേദന ഒന്നും അല്ല, പക്ഷെ അത്ര സുഖമുള്ള കാര്യവുമല്ല,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish Shares Memories Of Vandanam Movie Location