സിനിമ വിജയിക്കാനും അവാര്‍ഡുകള്‍ ലഭിക്കാനും അഭിനയത്തേക്കാള്‍ കൂടുതലായി വേണ്ടത് നല്ല എഴുത്തുകാരെയും സംവിധായകരെയുമാണെന്ന് ജഗദീഷ്. ഏത് സിനിമയിലേതാണെങ്കിലും താന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് സിനിമയുടെ സംവിധായകന് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ജഗദീഷ് പറഞ്ഞു. ഫില്‍മിബീറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയെന്ന സിനിമയെ കുറിച്ച് ഫില്‍മിബീറ്റില്‍ സംസാരിക്കുന്നതിനിടെയാണ് ഒരു സിനിമയില്‍ സംവിധായകനും തിരക്കഥാകൃത്തിനുമുള്ള പങ്ക് എത്രമാത്രമെന്ന് ജഗദീഷ് പറഞ്ഞത്.
‘സിനിമയിലെ അഭിനയത്തിന് അവാര്‍ഡുകള്‍ കിട്ടാന്‍ എനിക്ക് നല്ല ആഗ്രഹമുണ്ട്. എന്നാല്‍ അവാര്‍ഡുകള്‍ കിട്ടണമെങ്കില്‍ നമുക്ക് നല്ല സംവിധായകരെയും എഴുത്തുകാരെയും ആവശ്യമാണ്.
ഇപ്പോള്‍ ഫാലിമിയിലെ എന്റെ കഥാപാത്രം വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്തിന് കൊടുക്കുന്നു. ഒരു കഥാപാത്രം എങ്ങനെയാവണമെന്നും ആ കഥാപത്രം എങ്ങനെ പെര്‍ഫോം ചെയ്യണമെന്നും ആഗ്രഹിക്കുന്നത് സംവിധായകനാണ്.
സംവിധായകന്റെ കണ്ണില്‍ കണ്ടതുപോലെ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ സിനിമ വിജയിച്ചു. ഒപ്പം ആ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സിനിമക്ക് ലഭിക്കുന്നത് സമ്പൂര്‍ണമായ വിജയവുമാണ്.
എന്റെ വിജയിച്ച കഥാപാത്രങ്ങളുടെ എല്ലാ ക്രെഡിറ്റും ഞാന്‍ സിനിമയുടെ മാതാപിതാക്കളായ എഴുത്തുകാരനും സംവിധായകനുമായ ആളുകള്‍ക്ക് കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. തിരക്കഥ എന്നത് ഒരു കുഞ്ഞാണ്, അതിന് ജീവന്‍ നല്‍കുന്നത് ഒരു സംവിധായകനും. അങ്ങനെ നോക്കുമ്പോള്‍ സിനിമയുടെ മാതാപിതാക്കളായ അവര്‍ക്ക് ക്രെഡിറ്റ് കൊടുത്തിക്കണമെന്നാണ് എന്റെ പക്ഷം,’ ജഗദീഷ് പറഞ്ഞു.
ജീവിതാനുഭവങ്ങള്‍ ഉള്ളവര്‍ക്ക് നല്ല തിരക്കഥ എഴുതാന്‍ സാധിക്കുമെന്നും പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാനും അവര്‍ക്ക് സാധിക്കുമെന്നും ജഗദീഷ് പറഞ്ഞു. ഇപ്പോള്‍ സിനിമയെ കുറിച്ച് ഒരുപാട് സംവാദങ്ങള്‍ നടത്തുന്ന ഫ്രണ്ട്സ് ഗ്രൂപ്പുകള്‍ ഉണ്ടെന്നും പുതിയ തലമുറയുടെ ഈ ഒരു സംസ്‌കാരം നല്ല സിനിമകള്‍ ഉണ്ടാവാന്‍ കാരണമാവുന്നുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന യുവാക്കള്‍ മലയാളത്തില്‍ എന്നുമുണ്ടെന്നും അവസരം ഒത്തുവരുമ്പോള്‍ നല്ല ഒരു പ്രൊജക്റ്റ് അവരില്‍ നിന്ന് ഉണ്ടാവുന്നുവെന്നും ജഗദീഷ് പറഞ്ഞു.
നിതീഷ് സഹദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഫാലിമി. ബേസില്‍ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ്, സന്ദീപ് പ്രദീപ്, മീനരാജ് പള്ളുരുത്തി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായത്. ഒത്തൊരുമയില്ലാതെ സദാസമയവും കലഹിക്കുന്ന ഒരു മലയാളി കുടുംബം കാശിക്ക് പോകുന്നത് കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആ യാത്ര ഈ കുടുംബത്തിന്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നുവെന്ന് ഹാസ്യത്തിന്റെ അകമ്പടിയോടെ പറഞ്ഞിരിക്കുകയാണ് ഫാലിമി.
Content Highlight: Jagadish says who works behind the success of a film