ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വഹിച്ച് വരാനിരിക്കുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്‍, ജഗദീഷ്, സിദ്ദിഖ്, ആന്‍സണ്‍ പോള്‍, യുക്തി താരേജ, റിയാസ് ഖാന്‍, ജിനു ജോസഫ്, ശ്രീജിത്ത് രവി, കബീര്‍ ദുഹന്‍ സിങ് തുടങ്ങിയ താരനിരയാണ് ഈ ചിത്രത്തില്‍ ഒന്നിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും എത്തുന്ന സിനിമ ഡിസംബര്‍ 20നാണ് റിലീസിന് എത്തുന്നത്. മാര്‍ക്കോ ഒരു വയലന്റ് ആക്ഷന്‍ മൂവിയാണെന്നും 18 വയസിന് താഴെയുള്ളവര്‍ക്ക് ഈ സിനിമ തിയേറ്ററില്‍ പോയി കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും പറയുകയാണ് ജഗദീഷ്. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റില്‍ സംസാരിക്കുകയായിരുന്നു നടന്‍. ടോണി ഐസക്ക് എന്ന കഥാപാത്രമായാണ് അദ്ദേഹം മാര്‍ക്കോയില്‍ എത്തുന്നത്.
‘വാഴ എന്ന സിനിമയുടെ പ്രൊമോഷന്റെ സമയത്ത് അതിന്റെ അവതാരകന്‍ എന്നോട് ‘ജഗദീഷേട്ടന്‍ ഇപ്പോള്‍ ചെയ്യുന്നതൊക്കെ വളരെ പോസിറ്റീവ് ആയിട്ടുള്ള റോള്‍സ് ആണല്ലോ’ എന്ന് ചോദിച്ചിരുന്നു. അന്ന് ഞാന്‍ ഒരു മറുപടി കൊടുത്തു.
‘അങ്ങനെ വിചാരിക്കേണ്ട. ഇനി വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഞാന്‍ വളരെ നെഗറ്റീവ് ഷെയ്ഡുള്ള റോളുകളും ചെയ്യുന്നുണ്ട്. നെഗറ്റീവ് ഷെയ്ഡ് എന്ന് പറഞ്ഞാല്‍ പോര. എന്നെ കൊണ്ട് ഒരുപാട് ക്രൂര കൃത്യങ്ങള്‍ ചെയ്യിച്ചിട്ടുണ്ട്. ആ പടം ഏതാണെന്ന് ഞാന്‍ പിന്നെ പറയാം’ എന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞത്. അത്രയും പറഞ്ഞ് ഞാന്‍ നിര്‍ത്തി.
ബൊഗെയ്ന്‍വില്ല എന്ന സിനിമയുടെ പ്രൊമോഷന്റെ സമയത്ത് ഏതോ ഒരു ചോദ്യത്തിന് ഷറഫുദ്ദീന്‍ മറുപടിയായിട്ട് പറഞ്ഞത് ‘ഒരു സീനിയര്‍ ആക്ടര്‍ ഇനി റിലീസാകാന്‍ പോകുന്ന പടത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. അത്രയേറെ നെഗറ്റീവായ ക്രൂരമായ കഥാപാത്രമാണത്’ എന്നായിരുന്നു.
ഇത്രയേ ഞങ്ങള്‍ പറഞ്ഞിട്ടുള്ളൂ. മാര്‍ക്കോ എന്ന സിനിമയുടെ പേര് ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്റെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞിരുന്നില്ല. പക്ഷെ പ്രേക്ഷകര്‍ അതൊരു വലിയ സംഭവമാക്കി എടുത്തു. അതില്‍ നിന്ന് മാര്‍ക്കോ എന്ന സിനിമയെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും ആകാംക്ഷയും എനിക്ക് മനസിലായി.
അതുവെച്ചാണ് മാര്‍ക്കോയില്‍ ജഗദീഷ് ഗംഭീരമായ ഒരു കഥാപാത്രം ചെയ്യുന്നുവെന്നും ഞെട്ടിക്കാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഞാനോ ഷറഫുദ്ദീനോ അങ്ങനെ പറഞ്ഞിട്ടില്ല. ഇപ്പോഴും ഞാന്‍ പറയുന്നില്ല. മാര്‍ക്കോയിലെ എന്റെ കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ഹനീഫ് അദേനിയെന്ന സംവിധായകനോടുള്ള കടപാട് ഞാന്‍ അറിയിക്കുകയാണ്.
സാധാരണ ഒരു സംവിധായകന്‍ ഇന്ന ആള്‍ക്ക് കൊടുക്കാമെന്ന് ചിന്തിക്കുന്ന റോളല്ല മാര്‍ക്കോയിലേത്. ഹലോ മമ്മിയുടെ ലൊക്കേഷനില്‍ വെച്ചാണ് എന്നോട് ഹനീഫ് ഈ സിനിമയുടെ കഥ പറയുന്നത്. ജഗദീഷേട്ടന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഇതെന്നായിരുന്നു ആദ്യം അദ്ദേഹം പറഞ്ഞത്.
ആദ്യം കഥ കേള്‍ക്കട്ടേയെന്ന് പറഞ്ഞപ്പോള്‍ ഹനീഫ് കഥ പറഞ്ഞു തന്നു. അന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് ആവേശം തോന്നി. ഹനീഫ് എങ്ങനെയാണ് എന്നെ ആ കഥാപാത്രത്തിലേക്ക് കണ്‍സീവ് ചെയ്തതെന്ന് എനിക്ക് മനസിലാകുന്നില്ല.
എനിക്ക് വളരെ സന്തോഷം തോന്നുകയും ഞാന്‍ ആ കഥാപാത്രം ഒരു ചാലഞ്ചായി തന്നെ ഏറ്റെടുക്കുകയും ചെയ്തു. ഇനി ബാക്കി പറയേണ്ടത് പ്രേക്ഷകരാണ്. ഞാന്‍ ഇപ്പോള്‍ ക്ലെയിം ചെയ്യുന്നത് ഒരു കാര്യം മാത്രമാണ്. സാധാരണ ഗതിയില്‍ ഞാന്‍ ചെയ്യാറുള്ള, ചെയ്തിട്ടുള്ള, ചെയ്യാന്‍ സാധ്യതയുള്ള ഒരു കഥാപാത്രമല്ല മാര്‍ക്കോയിലെ ടോണി ഐസക്കിന്റേത്.
ഞാന്‍ ഈ സിനിമക്കായി എന്റെ മാക്‌സിമം എഫേര്‍ട്ട് ഇട്ടിട്ടുണ്ട്. മാര്‍ക്കോക്ക് ഇപ്പോള്‍ ഹൈപ്പ് വളരെ കൂടി നില്‍ക്കുന്ന സമയമാണ്. സിനിമയിലെ ഓരോ ആക്ഷന്‍ സീക്വന്‍സിനും പിന്നില്‍ ഇമോഷന്‍സും കാരണവുമുണ്ട്. അല്ലാതെ വെറുതെ ആറോ ഏഴോ ആക്ഷന്‍ സീക്വന്‍സ് കൊണ്ടുവെച്ചതല്ല.
ഓരോ ആക്ഷന്‍ സീക്വന്‍സിനും എന്തിനാണ് ഹീറോ വില്ലന്മാരുമായി ഫൈറ്റ് ചെയ്യുന്നതെന്ന് ഈ സിനിമ കാണിക്കുന്നുണ്ട്. മാര്‍ക്കോ ഒരു പക്കാ എന്റര്‍ടൈനറാണ്. ഒരു ആക്ഷന്‍ സിനിമയാണ്. വയലന്റ് ആക്ഷന്‍ മൂവിയെന്ന് വേണം പറയാന്‍. 18 വയസിന് താഴെയുള്ളവര്‍ക്ക് ഈ സിനിമ തിയേറ്ററില്‍ പോയി കാണാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. വെരി സോറി,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish says that children below 18 years of age cannot go and watch the movie Marco in the theatre