മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന നടന്‍ കൂടെയാണ് ജഗദീഷ്.
സിനിമകളുടെ ക്ലൈമാക്‌സ് ട്രാജിക് ആക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് പറയുകയാണ് ജഗദീഷ്. വന്ദനം, താളവട്ടം, അഭിമന്യു എന്നീ സിനിമകള്‍ക്ക് ഹാപ്പി എന്‍ഡിങ് നല്‍കാമായിരുന്നെന്നും എന്നാല്‍ അത് അങ്ങനെ വന്നില്ലെന്നും ജഗദീഷ് പറഞ്ഞു. അതുപോലെ തന്നെ ഡിസ്റ്റര്‍ബ്ഡ് ആക്കിയ ക്ലൈമാക്‌സ് സദയത്തിന്റേതാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
റിയല്‍ ലൈഫില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ പ്രേക്ഷകര്‍ക്കുണ്ടാകാറുണ്ടെന്നും അതെല്ലാം മറക്കാന്‍ വേണ്ടിയാണ് അവര്‍ തിയേറ്ററില്‍ വരുന്നതെന്നും ജഗദീഷ് പറഞ്ഞു. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ കരച്ചില്‍ നല്‍കരുതെന്നും അവരെ ഹാപ്പിയാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ്-ലാല്‍ ടീം അവരുടെ 90% സിനിമകളും ശുഭപര്യവസായിയാക്കുമെന്നും അത്തരം സിനിമകളോടാണ് തനിക്ക് താത്പര്യമെന്നും ജഗദീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
”സിനിമകള്‍ക്ക് ട്രാജിക് എന്‍ഡിങ് കൊടുക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. വന്ദനത്തിന്റെ ക്ലൈമാക്‌സിന്റെ സമയത്ത് ഞാനും പ്രിയനും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. എന്തിനാണ് ഇങ്ങനെ ട്രാജഡിയാക്കുന്നത് എന്നാണ് ഞാന്‍ ചോദിക്കുന്നത്. വന്ദനം മാത്രമല്ല, താളവട്ടം, അഭിമന്യു എന്നീ സിനിമകള്‍ക്കും പ്രിയന്‍ ഹാപ്പി എന്‍ഡിങ്ങല്ല കൊടുത്തത്. അതുപോലെ എന്നെ ഡിസ്റ്റര്‍ബ്ഡ് ആക്കിയ ക്ലൈമാക്‌സാണ് സദയത്തിന്റേത്.
ആ രണ്ട് പെണ്‍കുട്ടികളെയും കൊന്നിട്ട് ജയിലില്‍ പോകുന്ന സീന്‍ എനിക്ക് കണ്ട് നില്‍ക്കാന്‍ പറ്റില്ല. റിയല്‍ ലൈഫില്‍ നമുക്ക് നൂറുകൂട്ടം പ്രശ്‌നങ്ങളുണ്ടാകും. അതെല്ലാം മറക്കാന്‍ വേണ്ടിയാണ് പലരും തിയേറ്ററില്‍ പോകുന്നത്. അവിടെയും ട്രാജഡി കാണിച്ചാല്‍ അവര്‍ക്ക് ഇഷ്ടമാകില്ല. ഒരിക്കലും ഓഡിയന്‍സ് കരഞ്ഞുകൊണ്ട് ഇറങ്ങാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം. സിദ്ദിഖ്-ലാല്‍ ടീം അവരുടെ 90% സിനിമകളും ഹാപ്പി എന്‍ഡിങ്ങോടെയാണ് അവസാനിപ്പിക്കുന്നത്. അത്തരം സിനിമകളാണ് എനിക്കിഷ്ടം,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish saying that Sadayam movie climax disturbed him