| Sunday, 3rd November 2024, 6:56 pm

അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രയാസം: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നാല് പതിറ്റണ്ടിലേറെയായുള്ള നിറ സാന്നിധ്യമാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് നായകനടനായും ഹാസ്യതാരമായും സ്വഭാവനടനായും അദ്ദേഹം പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ജഗദീഷ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. അപ്പുക്കുട്ടന്‍, മായിന്‍കുട്ടി, ടൂട്ടി, ഹൃദയഭാനു തുടങ്ങിയ കഥാപാത്രങ്ങള്‍ അതിന് ഉദാഹരണമാണ്.

എന്നാല്‍ ആ കഥാപാത്രങ്ങളുടെ ക്രെഡിറ്റ് തനിക്കല്ലെന്ന് പറയുകയാണ് ജഗദീഷ്. ആ സിനിമകളുടെ എഴുത്തുകാരില്‍ അതിന്റെ സ്‌ക്രിപ്റ്റില്‍ ഹ്യൂമറിന്റെ എലമെന്റുകള്‍ കൃത്യമായി എഴുതിവെച്ചതുകൊണ്ടാണ് തനിക്ക് അത്ര മനോഹരമായി ചെയ്തുഫലിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ജഗദീഷ് പറഞ്ഞു. എന്നാല്‍ സ്‌ക്രിപ്റ്റില്‍ കോമഡി ഇല്ലാത്ത കഥാപാത്രങ്ങളെ കോമഡിയായി അവതരിപ്പിക്കാന്‍ പറഞ്ഞാല്‍ അത് തനിക്ക് ബുദ്ധിമുട്ടാണെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശനും സിദ്ദിഖ് ലാലും തുടങ്ങിയ എഴുത്തുകാര്‍ ആ കഥാപാത്രങ്ങള്‍ ഹ്യൂമറസ്സായി എഴുതിവെക്കുകയും താനത് തന്റേതായ രീതിയില്‍ അവതരിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു. എന്നാല്‍ താന്‍ കൈയില്‍ നിന്ന് കോമഡി ഇടും എന്ന ചിന്തയില്‍ പലരും തന്നെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പറയാറുണ്ടെന്നും തനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘കാക്കക്കുയിലിലെ വിക്കുള്ള കഥാപാത്രമായിക്കോട്ടെ, ഗോഡ്ഫാദറിലെ മായിന്‍കുട്ടിയായിക്കോട്ടെ, അല്ലെങ്കില്‍ ഹിറ്റ്‌ലറിലെ ഹൃദയഭാനു ആയിക്കോട്ടെ. ആ കഥാപാത്രങ്ങള്‍ എനിക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞത് അതിന്റെ സ്‌ക്രിപ്റ്റില്‍ തമാശയുള്ളതുകൊണ്ടാണ്. താക്കോല്‍ എന്റെ കൈയിലില്ലല്ലോ എന്ന ഡയലോഗിന്റെ ക്രെഡിറ്റ് മുഴുവന്‍ പ്രിയദര്‍ശനുള്ളതാണ്. അതുപോലെ അപ്പുക്കുട്ടനും മായിന്‍കുട്ടിയും ഒക്കെ കോമഡിയായത് സിദ്ദിഖ് ലാല്‍ ആ കഥാപാത്രത്തെ അങ്ങനെ എഴുതിയതുകൊണ്ടാണ്.

പക്ഷേ, സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത കോമഡി അവതരിപ്പിക്കാന്‍ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതായത്, ആ ക്യാരക്ടറിന്റെ പേര് മാത്രമേ എഴുതിവെച്ചിട്ടുണ്ടാകുള്ളൂ. ജഗദീഷാകുമ്പോള്‍ കൈയില്‍ നിന്ന് കോമഡിയിട്ടോളും എന്ന ധാരണയില്‍ പലരും എന്നെ വിളിക്കും. ‘ചേട്ടാ, ആ ക്യരക്ടറിന് വേണ്ടി കുറച്ച് കോമഡി കൈയില്‍ നിന്ന് ഇട്ടോ’ എന്ന് പറഞ്ഞാല്‍ അത് എന്നെക്കൊണ്ട് കഴിയില്ല. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ അത് പാളിപ്പോകും. എന്നെ സംബന്ധിച്ച് അതുപോലുള്ള ക്യാരക്ടേഴ്‌സ് ബുദ്ധിമുട്ടാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish saying that he can’t do comedy that doesn’t write in script

We use cookies to give you the best possible experience. Learn more