മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാന്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടന്‍, മായിന്‍കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്ന നടന്‍ കൂടെയാണ് ജഗദീഷ്.
കരിയറില്‍ തനിക്ക് ചെയ്യാന്‍ പറ്റാതെപോയ വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനില്‍ തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ പോകാന്‍ പറ്റിയില്ലെന്നും ജഗദീഷ് പറഞ്ഞു. ചിത്രത്തില്‍ കലാഭവന്‍ മണി ചെയ്ത വേഷത്തിലേക്കാണ് തന്നെ വിളിച്ചിരുന്നതെന്നും അതിനായി മീശ വടിക്കേണ്ട സ്ഥിതി വന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ആ സമയത്ത് താന്‍ മറ്റൊരു ചിത്രത്തില്‍ നായകനായി അഭിനയിക്കുകയായിരുന്നെന്ന് ജഗദീഷ് പറഞ്ഞു. ആറാം തമ്പുരാന് വേണ്ടി മീശയെടുത്താല്‍ അത് തന്റെ സംവിധായകനോട് ചെയ്യുന്ന നീതികേടാകുമെന്നും വെപ്പ് മീശ വെച്ച് അഭിനയിക്കുന്നത് ശരിയാകില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഇക്കാരണങ്ങള്‍ കൊണ്ട് ആ വേഷം ചെയ്യാന്‍ പറ്റില്ലെന്ന് താന്‍ രഞ്ജിത്തിനെ വിളിച്ച് അറിയിച്ചെന്നും ജഗദീഷ് പറഞ്ഞു.
എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത് സംവിധാനം ചെയ്ത രാവണപ്രഭുവില്‍ ഇതേ കാര്യം തിരിച്ച് സംഭവിച്ചെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആ ചിത്രത്തില്‍ ജഗതിയുടെ സഹായിയായി ആദ്യം വിളിച്ചത് കലാഭവന്‍ മണിയെ ആയിരുന്നെന്നും എന്നാല്‍ മണിക്ക് ഡേറ്റ് ഇല്ലാത്തതിനാല്‍ ആ വേഷത്തിലേക്ക് രഞ്ജിത് തന്നെ വിളിച്ചെന്നും ജഗദീഷ് പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘കരിയറില്‍ ചെയ്യാന്‍ പറ്റാതെ പോയ വേഷങ്ങള്‍ ഒരുപാടുണ്ട്. അതിലൊന്നാണ് ആറാം തമ്പുരാനിലേത്. ആ സിനിമയില്‍ കലാഭവന്‍ മണി ചെയ്ത വേഷത്തിലേക്ക് എന്നെയായിരുന്നു ആദ്യം വിളിച്ചത്. പക്ഷേ ആ ക്യാരക്ടറിന് വേണ്ടി മീശയെടുക്കണമായിരുന്നു. ആ സമയത്ത് ഞാന്‍ വേറൊരു സിനിമയില്‍ നായകനായി അഭിനയിക്കുകയായിരുന്നു.
ആറാം തമ്പുരാന് വേണ്ടി മീശയെടുത്താല്‍ അത് എന്റെ സിനിമയെ ബാധിക്കും. അത് എന്റെ സംവിധായകനോട് കാണിക്കുന്ന നീതികേടാകും. വെപ്പുമീശ വെച്ച് അഭിനയിക്കുന്നത് നടപടിയാവുന്ന കാര്യമല്ല. അതുകൊണ്ട് ഞാന്‍ രഞ്ജിത്തിനെ വിളിച്ചിട്ട് എനിക്ക് ഈ പടം ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ കാര്യം തിരിച്ച് സംഭവിച്ചു. രഞ്ജിത് സംവിധാനം ചെയ്ത രാവണപ്രഭുവില്‍ ജഗതി ചേട്ടന്റെ സഹായിയായി കലാഭവന്‍ മണിയെയായിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ മണി വേറൊരു തമിഴ് സിനിമയുടെ ലൊക്കേഷനിലായതിനാല്‍ അയാള്‍ക്ക് രാവണപ്രഭു ചെയ്യാന്‍ കഴിഞ്ഞില്ല. ആ വേഷത്തിലേക്ക് രഞ്ജിത് എന്നെ വിളിച്ചു,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish saying he was supposed to do the role of Kalabhavan Mani in Aaraam Thampuran movie