ആനന്ദത്തിന് ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്. വിജയ രാഘവന്‍, കെ.പി.എ.സി ലീല എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മേനകതട്ടില്‍ ഇട്ടൂപ്പും കൊച്ചുത്രേസ്യയും തമ്മിലുള്ള പ്രണയവും അതില്‍ നടക്കുന്ന ഉലച്ചിലുകളുമൊക്കെയാണ് ചിത്രത്തില്‍ കാണിക്കുന്നത്.
വിജയരാഘവന്റേയും കെ.പി.എ.സി ലീലയുടെയും പ്രകടനങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇതിന് പുറമേ അബു സലിം, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, അന്നു തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രകടനം കൊണ്ട് ചിത്രത്തെ ഉയര്‍ത്തുന്നുണ്ട്.
ജഗദീഷും പൂക്കാലത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പാട്ടുമാഷായാണ് ജഗദീഷ് ചിത്രത്തില്‍ എത്തുന്നുണ്ട്. വളരെ കുറച്ച് രംഗത്തില്‍ മാത്രമേ ഉള്ളുവെങ്കിലും ഗംഭീര പ്രകടനം കൊണ്ട് പ്രേക്ഷകരുടെ മനസിലേക്ക് തറച്ചുകയറാന്‍ ജഗദീഷിന്റെ കഥാപാത്രത്തിനാവുന്നുണ്ട്.
പൂക്കാലത്തില്‍ മനോഹരമായ പ്രണയം ജഗദീഷ് കഥാപാത്രത്തിനുണ്ട്. മധ്യവയസിലാണ് ആ പ്രണയം സംഭവിക്കുന്നതും. ഈ പ്രായത്തില്‍ പ്രണയം കാണിക്കാന്‍ പറ്റുമോ എന്നൊക്കെ ആരെങ്കിലും സംശയിക്കുന്നുണ്ടെങ്കില്‍ ഒറ്റ സെക്കന്റില്‍ സംഭവിക്കുന്ന ഒരു നോട്ടം കൊണ്ട് അത് കീഴ്‌മേല്‍ മറിക്കുന്നുണ്ട് ജഗദീഷ്. അത്രക്കും തീവ്രമായ നോട്ടത്തിലൂടെ തന്നെ രണ്ട് പേര്‍ക്കിടയില്‍ സംഭവിച്ച പ്രണയം ജഗദീഷ് എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്.
രണ്ട് ഗെറ്റപ്പില്‍ ചിത്രത്തില്‍ എത്തുന്ന ജഗദീഷ് ആ രണ്ട് പ്രായങ്ങളും കണ്‍വിന്‍സിങ്ങായി അവതരിപ്പിച്ചു. മുമ്പ് റോഷാക്കിലും പുരുഷപ്രേതത്തിലും കിട്ടിയ കഥാപാത്രങ്ങള്‍ പ്രകടനം കൊണ്ട് ജഗദീഷ് ഗംഭീരമാക്കിയിരുന്നു. അത് പൂക്കാലത്തിലും ആവര്‍ത്തിക്കുകയാണ്.
Content Highlight: jagadish’s character in pookkalam movie