Entertainment
സിനിമയിലെ വയലന്‍സ് കണ്ട് ഇന്‍ഫ്‌ലുവന്‍സ് ആകുമെങ്കില്‍ നന്മ കണ്ടാലും ഇന്‍ഫ്‌ലുവന്‍സ്ഡ് ആകണ്ടേ? ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 04, 02:11 am
Tuesday, 4th March 2025, 7:41 am

സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ എത്ര പേര്‍ ആ സിനിമ കണ്ട് ഗാന്ധിയിസം സ്വീകരിച്ചുവെന്നും ജഗദീഷ് ചോദിക്കുന്നു.

സിനിമയിലെ തിന്മ കണ്ട് ഇന്‍ഫ്‌ലുവന്‍സ് ആകുമെങ്കില്‍ നന്മ കണ്ടും ഇന്‍ഫ്‌ളുവന്‍സ് ആകേണ്ടയെന്നും നടനല്ല കഥാപാത്രമാണ് വയലന്‍സിന് കൂട്ടുനില്‍കുന്നതെന്നും ജഗദീഷ് പറയുന്നു. മാര്‍ക്കോ എന്ന സിനിമയിലെ ജഗദീഷിന്റെ കഥാപാത്രമായ ടോണി ഐസക്കാണ് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നതെന്നും ജഗദീഷ് എന്ന വ്യക്തി ഇതുവരെ വയലന്‍സിനെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ എത്രപേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്‌ലുവന്‍സ്ഡ് ആകും, നന്മ കണ്ടാല്‍ ഇന്‍ഫ്‌ലുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ.

പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ.

ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല. ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്‌നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്.

അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ്,’ ജഗദീഷ് പറയുന്നു.

Content highlight: Jagadish asks if audience influenced by the violence in the films, shouldn’t they also be influenced by goodness?