ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിപിന്‍ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 90 കോടിക്കടുത്ത് കളക്ഷന്‍ നേടി. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ വന്‍ താരനിര അണിനിരന്നിരുന്നു.
ജഗദീഷ്, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ഷൂട്ടിങ് സമയത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജഗദീഷ്. തനിക്കും ബൈജുവിനും ഒരേ കാരവനാണ് പ്രൊഡക്ഷന്‍ ടീം തന്നതെന്നും ഷൂട്ട് തീരുന്നതുവരെ ബൈജുവിന്റെ പുച്ഛം കാണേണ്ടി വന്നെന്നും ജഗദീഷ് പറഞ്ഞു.
ക്ലൈമാക്‌സ് സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ ഒരു ദിവസം ചിലപ്പോള്‍ ഒന്നോ രണ്ടോ ഷോട്ട് മാത്രമേ തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെള്ളൂവെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ക്ലൈമാക്‌സിന് ശേഷം വിപിന്‍ ദാസ് തന്നെ വിളിച്ച് മൂന്ന് ദിവസം പാട്ടിന്റെ ഷൂട്ടുണ്ടെന്നും രാത്രി ഷൂട്ടിന് ഓക്കെയാണോ എന്ന് ചോദിച്ചെന്നും ജഗദീഷ് പറഞ്ഞു.
താന്‍ അപ്പോള്‍ തന്നെ അതിന് സമ്മതിച്ചുവെന്നും ബൈജു അത് കണ്ട് സ്ഥിരം പുച്ഛഭാവമിട്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. എന്തിനാണ് നിങ്ങള്‍ ഇതൊക്കെ ചോദിച്ച ഉടനെ സമ്മതിക്കുന്നതെന്ന് ബൈജു ചോദിച്ചെന്നും തനിക്ക് അത്തരം കാര്യങ്ങള്‍ ഇഷ്ടമുള്ളതുകൊണ്ടാണ് ഓക്കെ പറഞ്ഞതെന്നും ജഗദീഷ് പറഞ്ഞു. ഗുരുവായൂരമ്പല നടയിലിന്റെ സക്‌സസ് മീറ്റിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
‘ഗുരുവായൂരമ്പല നടയില്‍ ഞാന്‍ ഈയടുത്ത് ചെയ്തതില്‍ വെച്ച് കുറച്ചു വലിയ സിനിമയായിരുന്നു. ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍, വലിയ സെറ്റ് ഇതൊക്കെയായിരുന്നു ഈ സിനിമക്ക്. എനിക്കും ബൈജുവിനും ഒരേ കാരവനാണ് പ്രൊഡക്ഷന്‍ ടീം തന്നത്. ഷൂട്ട് തുടങ്ങി തീരുന്നതുവരെ ബൈജുവിന്റെ പുച്ഛം കണ്ടോണ്ടിരിക്കേണ്ടി വന്നു. ഈ സിനിമയുടെ ക്ലൈമാക്‌സ് ഒരുപാട് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്.
എനിക്കും ബൈജുവിനുമൊക്കെ ദിവസത്തില്‍ ഒന്നോ രണ്ടോ ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ക്ലൈമാക്‌സൊക്കെ ഷൂട്ട് ചെയ്ത ശേഷം വിപിന്‍ എന്നെ വിളിച്ചിട്ട് ‘മൂന്ന് ദിവസം നൈറ്റ് ഷൂട്ട് ഉണ്ട് ഓക്കെയാണോ’ എന്ന് ചോദിച്ചു. സോങ്ങിന്റെ ഷൂട്ടാണ് എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ഓക്കെ പറഞ്ഞു. ബൈജു അത് കേട്ട് സ്ഥിരം പുച്ഛഭാവമിട്ടുകൊണ്ട് ‘നിങ്ങളെന്തിനാ ചോദിച്ച ഉടനെ ഈ കാര്യമൊക്കെ സമ്മതിക്കാന്‍ പോകുന്നത്’ എന്ന് ചോദിച്ചു. ഞാനത് കാര്യമാക്കിയില്ല. ഞാന്‍ അത്തരം കാര്യങ്ങളൊക്കെ ആസ്വദിക്കുന്നയാളാണ്,’ ജഗദീഷ് പറഞ്ഞു.
Content Highlight: Jagadish about the shooting experience with Baiju Santhosh in Guruvayoor Ambalanadayil movie