| Wednesday, 25th December 2024, 10:15 pm

സിനിമയ്ക്ക് വേണ്ടിയല്ല മോഹൻലാൽ അതൊന്നും പഠിച്ചത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.

1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം നാല് പതിറ്റാണ്ടുകൾക്കിപ്പുറം ആദ്യമായി സംവിധാനം ചെയ്ത സിനിമ ബറോസ് ഇന്ന് റിലീസായിരുന്നു. പാട്ട് പാടി അഭിനയിക്കുന്നതിലും ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ മെയ്‌വഴക്കത്തെ കുറിച്ചുമെല്ലാം പലരും പ്രശംസിക്കാറുണ്ട്.

എന്നാൽ സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ മോഹൻലാൽ ഇതിനെല്ലാമുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നുവെന്ന് പറയുകയാണ് അദ്ദേഹത്തിനൊപ്പം ഒരുപാട് സിനിമകളിൽ ഭാഗമായിട്ടുള്ള നടൻ ജഗദീഷ്. സിനിമയിൽ വരുന്നതിന് വളരെ മുമ്പ് തന്നെ അദ്ദേഹം പലതിനും ഒരു ട്രെയ്നിങ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം കളരി പയറ്റ് അത്യാവശ്യം പഠിച്ചിട്ടുള്ള ആളാണെന്നും ജഗദീഷ് പറയുന്നു. പക്ഷെ അതൊരിക്കലും അഭിനയത്തിൽ പ്രയോജനപ്പെടുത്താം, അല്ലെങ്കിൽ സിനിമയിൽ ഉപയോഗിക്കാം എന്നുകരുതിയല്ല മോഹൻലാൽ പഠിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

‘മോഹൻലാൽ എന്നുപറയുന്ന വ്യക്തി സിനിമ നടനാവാനാണോ എല്ലാം പഠിച്ചതെന്ന് എനിക്കറിയില്ല. പക്ഷെ സിനിമയിൽ വരുന്നതിന് വളരെ മുമ്പ് തന്നെ അദ്ദേഹം പലതിനും ഒരു ട്രെയ്നിങ് എടുത്തിട്ടുണ്ട്. അദ്ദേഹം കളരി പയറ്റ് അത്യാവശ്യം പഠിച്ചിട്ടുള്ള ആളാണ്. പക്ഷെ അതൊരിക്കലും അഭിനയത്തിൽ പ്രയോജനപ്പെടുത്താം അല്ലെങ്കിൽ സിനിമയിൽ ഉപയോഗിക്കാം എന്നുകരുതിയല്ല മോഹൻലാൽ പഠിച്ചത്. അതുപോലെ അത്യാവശ്യം ഡാൻസൊക്കെ അന്ന് പഠിച്ചിട്ടുണ്ട്. ഇതൊക്കെ കുറെമുമ്പ് പഠിച്ചത് പുള്ളിക്ക് വലിയ മുതൽക്കൂട്ടായി മാറി,’ജഗദീഷ് പറയുന്നു.

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ത്രീഡിയിൽ അണിയിച്ചൊരുക്കിയ ചിത്രം ഗംഭീര തിയേറ്റർ എക്സ്പീരിയൻസാണ് പ്രേക്ഷർക്ക് സമ്മാനിക്കുന്നത്. മലൈക്കോട്ടെ വലിബൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റേതായി ഈ വർഷം ഇറങ്ങുന്ന സിനിമയാണ് ബറോസ്.

Content Highlight: Jagadish About Mohanlal

We use cookies to give you the best possible experience. Learn more