| Wednesday, 29th November 2023, 4:20 pm

പുതിയ ചിത്രങ്ങൾ വിജയിക്കുന്നത് അവർ കാരണമാണ്, സിനിമ ഒരുപാട് മാറി: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിൽ ജോസഫ് നായകനായി എത്തിയ ഫാലിമി എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രം കുടുംബ പ്രേക്ഷകരെയും യുവതലമുറയേയും ഒരുപോലെ തൃപ്തിപ്പെടുത്തിയാണ് ബോക്സ് ഓഫീസിൽ മുന്നേറുന്നത്.

യുവാക്കളാണ് ഇന്ന് പടങ്ങൾ വിജയിപ്പിക്കുന്നതെന്നാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജഗദീഷ് പറയുന്നത്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ താരത്തിന്റെ ഫാമിലിയിലെ പ്രകടനം വലിയ ശ്രദ്ധ നേടിയിരുന്നു.

സംവിധായകരിൽ കൂടുതൽ പ്രതീക്ഷ നൽകുന്നത് യുവ സംവിധായകരാണെന്നും ചിത്രം ഫാമിലി ഹിറ്റ് എന്ന് പറയുമ്പോഴും യൂത്ത് കയറിയതുകൊണ്ടാണ് പടം വിജയിച്ചതെന്നും ചിത്രത്തിന്റെ വിജയത്തെ കുറിച്ച് ജഗദീഷ് പറഞ്ഞു.

എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന കഥകൾ കൊണ്ടുവരാൻ കഴിഞ്ഞാൽ താൻ വീണ്ടും എഴുതുന്നതിനെ പറ്റി ആലോചിക്കുമെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്നത്തെ യുവ തലമുറയ്‌ക്ക് ഇന്റർനാഷണൽ സിനിമകളെക്കുറിച്ച് വലിയ അറിവുണ്ട്. അനന്തമായ സാധ്യതകളെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാത്തിന്റെയും നിയന്ത്രണം യൂത്തിന്റെ കയ്യിലാണ്.

സംവിധായകരിൽ കൂടുതൽ പ്രതീക്ഷ നൽകുന്നത് യുവ സംവിധായകരാണ്. യൂത്തിന്റെ ചിന്തകളാണ് സിനിമകൾ ഉണ്ടാക്കുന്നത്. അവരാണ് പടം വിജയിപ്പിക്കുന്നത്. ഫാമിലി ഹിറ്റ് എന്ന് പറയുമ്പോഴും ഫാലിമി എന്ന ചിത്രം യൂത്തിനെയും കൂടെ രസിപ്പിക്കുന്നതുകൊണ്ടാണ് പടം ഇത്ര വലിയ ഹിറ്റായത്.

ഫാമിലി ആ ചിത്രം കാണുമെന്ന് ഉറപ്പാണ്. പക്ഷേ യുവതലമുറയെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളെല്ലാം സിനിമയിൽ ഉൾപ്പെടുത്തിയത് സംവിധായകന്റെ കഴിവുകൊണ്ടാണ്. യൂത്തിനെയും ചിത്രം പിടിച്ചിരുത്തിയിട്ടുണ്ട്. അവരും പൊട്ടിച്ചിരിക്കുന്നുണ്ട്.

എല്ലാ വിഭാഗത്തിലുള്ള പ്രേക്ഷകരെയും രസിപ്പിക്കുന്ന കഥകൾ കൊണ്ടുവരാൻ കഴിഞ്ഞാൽ ഞാൻ വീണ്ടും കഥ എഴുതുന്നതിനെപ്പറ്റി ആലോചിക്കും. പക്ഷേ അഭിനയമാണ് എനിക്ക് ഏറ്റവും കൂടുതൽ ത്രില്ല് സമ്മാനിക്കുന്നത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Victory Of Falimy Movie

We use cookies to give you the best possible experience. Learn more