മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജഗദീഷ്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജഗദീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്. മലയാള സിനിമകളുടെ വ്യത്യസ്ത പേരുകളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
ഒരു സിനിമയുടെ ടൈറ്റിൽ എന്നത് ശ്രദ്ധ നേടുന്നതാവണം എന്നാണ് ജഗദീഷ് പറയുന്നത്. പുതുമുഖങ്ങൾ അഭിനയിക്കുന്ന സിനിമകൾക്ക് പെട്ടെന്ന് ശ്രദ്ധ ലഭിക്കുന്ന പേരുകളാണ് നല്ലതെന്നും ചിത്രം എന്ന സിനിമക്ക് മോഹൻലാൽ – പ്രിയദർശൻ സിനിമയായത് കൊണ്ടാണ് ആ പേരിടാൻ കഴിയുന്നതെന്നും ജഗദീഷ് പറയുന്നു.
ഒരു പുതുമുഖതാരത്തിന്റെ സിനിമയാണ് ചിത്രമെങ്കിൽ ആ പേര് ആരും ശ്രദ്ധിക്കില്ലെന്നും ജഗദീഷ് പറഞ്ഞു. പുതിയ ചിത്രം വാഴയുടെ പേരിന്റെ പ്രത്യേകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. റെഡ്. എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഒരു സിനിമയുടെ ടൈറ്റിൽ എന്ന് പറയുമ്പോൾ അത് പെട്ടെന്ന് ശ്രദ്ധ നേടുന്നതാവണം. ഇപ്പോൾ വാഴ എന്ന പേരിന് ഒരു ശ്രദ്ധ കിട്ടുന്നുണ്ട്.
നേരെ മറിച്ച് പ്രിയദർശൻ – മോഹൻലാൽ സിനിമയായത് കൊണ്ടാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. അതിന് പകരം അത് പുതുമുഖങ്ങളുടെ സിനിമയായിരുന്നുവെങ്കിൽ അതിന് ചിത്രമെന്ന പേര് അത്ര ശ്രദ്ധ നേടില്ല.
ചില പുതുമുഖങ്ങളുടെ ചിത്രങ്ങളൊക്കെ എടുക്കുമ്പോൾ ടൈറ്റിൽ അത്ര അട്രാക്റ്റീവ് അല്ലെങ്കിൽ വന്ന് പോയ സിനിമയാണോ എന്ന് വരെ നമുക്ക് ചിലപ്പോൾ സംശയം തോന്നും. അപ്പോൾ ടൈറ്റിലിന് പ്രാധാന്യമുണ്ട്.
ഷേക്ക്‌സ്പിയറിന്റെ നാടകങ്ങൾക്ക് അതിന്റെതായ പ്രധാന്യമില്ലേ. നല്ല രസമുള്ള ടൈറ്റിലുകളല്ലേ. തോപ്പിൽ ഭാസിയുടെ നാടകങ്ങളൊക്കെ അങ്ങനെയാണ്. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന പേര് കേട്ടാൽ തന്നെ നമുക്ക് ആ നാടകം ചെന്ന് കാണാൻ തോന്നും. എം.ടി സാറിന്റെ ഓളവും തീരവും, മുറപ്പെണ്ണ്, നഗരമേ നന്ദി ഇതൊക്കെ നോക്ക്.
ടൈറ്റിലിന്റെ ഏറ്റവും വലിയ വിരുതൻ പത്മരാജൻ സാറാണ്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടന കിളികൾ കരയാറില്ല. ഇതൊക്കെ അദ്ദേഹം തന്നെ പറയുന്ന പോലെയാണ് നമുക്ക് തോന്നുക,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Talk About Title Of Chithram Movie