| Monday, 12th August 2024, 4:51 pm

ആ സീനിയർ നടന്റെ സീനുകൾ ഒഴിവാക്കിയതിൽ പലർക്കും സിബിയോട് പരിഭവമുണ്ട്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലം തെറ്റിയിറങ്ങിയ ചിത്രമെന്ന് പലരും വിശേഷിപ്പിച്ച സിനിമയാണ് 2000ത്തില്‍ പുറത്തിറങ്ങിയ ദേവദൂതന്‍. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം അന്നത്തെ കാലത്ത് പ്രേക്ഷകര്‍ കൈയൊഴികയാണുണ്ടായത്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതനെ ക്ലാസിക്കെന്ന് പലരും വാഴ്ത്തി. സാങ്കേതികവിദ്യയുടെ സഹായത്തോടെ 4K റീമാസ്റ്റേര്‍ഡ് വേര്‍ഷന്‍ തിയേറ്ററുകളിലെത്തിയിരുന്നു. റീ റിലീസിന് പിന്നാലെ മികച്ച സ്വീകാര്യതയാണ് ചിത്രം പ്രേക്ഷകരിൽ നിന്ന് നേടിയത്.

അന്നത്തെ ദേവദൂതനിൽ നിന്ന് വ്യത്യസ്തമായി എഡിറ്റ്‌ ചെയ്ത ദേവദൂതനാണ് ഇപ്പോൾ തിയേറ്ററിൽ എത്തിയിരിക്കുന്നത്. സിനിമയിലെ നടൻ ജഗതി ശ്രീകുമാറിന്റെ കോമഡി സീനുകൾ പൂർണമായി ഒഴിവാക്കിയാണ് ഇപ്പോൾ ദേവദൂതൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

അതിൽ കുറെ പേർക്ക് പരിഭവമുണ്ടെന്ന് പറയുകയാണ് നടൻ ജഗദീഷ്. എന്നാൽ അത് പൂർണമായി സംവിധായകൻ സിബി മലയിലിന്റെ തീരുമാനമാണെന്നും അതുകൊണ്ട് സിനിമ നന്നാവുകയെ ഉള്ളുവെന്നും ജഗദീഷ് പറയുന്നു. കിലുക്കം എന്ന ചിത്രത്തിൽ നിന്ന് തന്റെ സീനുകൾ ഏകദേശം പൂർണമായി ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെഡ്. എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഇപ്പോൾ റീമാസ്റ്റർ ചെയ്ത ദേവദൂതനിൽ കണ്ടില്ലേ, ജഗതി ചേട്ടന്റെ കോമഡി സീനുകൾ പോയി. അതിൽ കുറെ പേർക്ക് പരിഭവമുണ്ട്. ഇത്രയും സീനിയർ ആയിട്ടുള്ള ഒരു നടന്റെ സീനുകൾ ഒഴിവാക്കിയതിൽ. പക്ഷെ സിബി മലയിലിന് അദ്ദേഹത്തിന്റേതായ ഒരു ഐഡിയ ഉണ്ട്. സിനിമ കുറച്ചുകൂടെ ക്രിസ്പ് ആയി. ഒന്ന് കൂടെ ഷോർട്ടായി.

അപ്പോൾ മെയിൻ ട്രാക്കിൽ നിന്ന് വിട്ടുനിൽക്കുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ സിനിമയിൽ നിന്ന് പോവും. അത് നമ്മൾ മനസിലാക്കണം.


അത് മാറ്റി കഴിഞ്ഞാലും സിനിമക്ക് കുഴപ്പമില്ലെങ്കിൽ ആ കഥാപാത്രം വേണ്ടായെന്നാണ് അതിന്റെ അർത്ഥം. കിലുക്കത്തിലെ എന്റെ സീനുകൾ വെട്ടി കളഞ്ഞതുകൊണ്ടും ഒരു പ്രശ്നവും ഉണ്ടായില്ല.

ഒരു ഇരുപത്തിയഞ്ചു ദിവസം ഞാൻ കിലുക്കത്തിന്റെ ലൊക്കേഷനിൽ ഉണ്ടായിരുന്നു. അപ്പോൾ തന്നെ മനസിലാവില്ലേ എനിക്കുള്ള റോൾ. ഒരു പത്ത് പന്ത്രണ്ടു സീനും എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനും ഞാനും തമ്മിലുള്ള ഒരു കോമ്പറ്റീഷനാണ് സിനിമയിലെ എന്റെ ഒരു ട്രാക്ക്.

അത് വെട്ടി മാറ്റാൻ കഴിയുന്നത് എന്താണെന്ന് ചോദിച്ചാൽ, കിലുക്കത്തിന്റെ മെയിൻ ട്രാക്കുമായി അതിന് ബന്ധമില്ലാത്തതുകൊണ്ടാണ്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Remaster Version Of Devadoothan Movie

Latest Stories

We use cookies to give you the best possible experience. Learn more