| Tuesday, 28th November 2023, 1:28 pm

ലിയോയും ജിഗർതണ്ടയുമെല്ലാം ആദ്യദിനം കണ്ടാലുള്ള ത്രില്ല് അമേരിക്കയിലെ സ്ഥലങ്ങൾ കണ്ടാലും കിട്ടില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞുനിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി തന്റെ കരിയർ തുടങ്ങിയ ജഗദീഷ് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്നിലെ നടനെ ഇന്നും രൂപപ്പെടുത്തികൊണ്ടിരിക്കുകയാണ്.

സീരിയസ് കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് താരം ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. അവസാനം ഇറങ്ങിയ ഫാലിമി എന്ന ചിത്രത്തിലെ ജഗദീഷിന്റെ പ്രകടനവും പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിരുന്നു.

സിനിമകളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അത് പിന്തുടരാൻ താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നാണ് നടൻ പറയുന്നത്. ഒരുപാട് കഥകൾ തന്റെ മനസിൽ ഉണ്ടെന്നും എന്നാൽ ഈ കാലത്ത് തിരക്കഥ എന്ന നിലയിൽ അത് എഴുതുന്നതിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടെന്നും ജഗദീഷ് പറയുന്നു. ഏറ്റവും പുതിയ സിനിമകളും വെബ് സിരീസുകളും ആദ്യദിവസം തന്നെ കാണുന്നതാണ് തനിക്ക് ഏറ്റവും ത്രില്ല് നൽകുന്നതെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

‘എന്റെ മനസിൽ ഒരുപാട് കഥകളുണ്ട്. പക്ഷേ ഒരു തിരക്കഥ എന്ന നിലയിൽ അതെഴുതുമ്പോൾ കുറച്ചു വെല്ലുവിളികൾ ഉണ്ട്. കാരണം ഇന്നത്തെ യുവ തലമുറയ്‌ക്ക് ഇന്റർനാഷണൽ സിനിമകളെക്കുറിച്ച് വലിയ അറിവുണ്ട്. അനന്തമായ സാധ്യതകളെക്കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്.

എന്നെ സംബന്ധിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതോ ഒരുപാട് സ്ഥലങ്ങൾ കാണുന്നതോ ഒന്നുമല്ല വിഷയം. ഒരിക്കൽ അമേരിക്കയിൽ പോയപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ത്രില്ലടിച്ചത് രാജ് കുമാർ ഹിറാനിയുടെ സഞ്ജു എന്ന ചിത്രം ആദ്യദിവസം കാണാൻ പറ്റിയപ്പോഴാണ്.

ബാക്കിയുള്ളവരെല്ലാം സ്ഥലം കാണാൻ പോയപ്പോൾ എല്ലാവരോടും ഞാൻ പറഞ്ഞത് എനിക്ക് ഒരൊറ്റ കാര്യമേ ഉള്ളൂ, ഇന്ന് സഞ്ജു സിനിമ റിലീസാണ് എനിക്കതൊന്ന് കാണണമെന്ന്. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പടം ഒരുപാട് ഇഷ്ടപ്പെട്ടു.

ഇപ്പോൾ ഇറങ്ങിയ ലിയോ എന്ന ചിത്രം ഫസ്റ്റ് ഡേ തന്നെ ഞാൻ കണ്ടു. എനിക്കതിന്റെ ത്രില്ലാണ്. എന്തിന് ടൈഗർ 3 എന്ന ചിത്രം ഞാൻ ആദ്യദിനം തിരുവനന്തപുരത്തെ ഏരിയസ് പ്ലക്സിൽ നിന്ന് 8 മണിക്ക് കണ്ടിട്ട് 10.45 ന് അവിടുന്ന് ഇറങ്ങി നേരെ അജന്ത തിയേറ്ററിൽ ചെന്ന് ജിഗർതണ്ട ഡബിൾ എക്സ് കണ്ടു.

വീട്ടിൽ വന്നാൽ നെറ്റ്ഫ്ലിക്സ് സീരിസുകൾ കണ്ടിരിക്കും. ഒഴിവു സമയത്ത് അതാണ് എന്റെ എൻജോയ്മെന്റ്. അതിലൂടെ പുതിയ കാര്യങ്ങൾ എനിക്ക് പഠിക്കാൻ പറ്റുന്നുണ്ട്. ലോക സിനിമ എങ്ങനെ വളർന്നു കൊറിയൻ സിനിമകൾ എങ്ങനെ മാറുന്നു ഇറാനിയൻ സിനിമകളിൽ വന്ന മാറ്റങ്ങളെല്ലാം ഞാൻ അറിയാൻ ശ്രമിക്കാറുണ്ട്.

തമിഴും തെലുങ്കും ഹിന്ദിയും കന്നടയുമെല്ലാം ഒരുപാട് മാറി. കന്നഡയെല്ലാം നമ്മൾ പുച്ഛിച്ചുകൊണ്ടിരുന്ന ഒരു ഇൻഡസ്ട്രി ആയിരുന്നു. ഇപ്പോൾ അതെല്ലാം മുന്നേറിക്കൊണ്ടിരിക്കുകയാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About New Movies And Film Knowledge Of Young Generation

We use cookies to give you the best possible experience. Learn more