| Tuesday, 23rd July 2024, 9:55 am

ലാലിനെ പോലെ വില്ലനാക്കാനാണ് ക്ഷണമെന്ന് കരുതി, പക്ഷെ ഇന്ത്യയിലെ ഏറ്റവും വിജയമായ ചിത്രത്തിലാണ് എനിക്ക് റോൾ കിട്ടിയത്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറിഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി കരിയർ തുടങ്ങിയ ജഗദീഷിന്റെ കോമഡികൾ പലതും ഇന്നും പ്രേക്ഷകർ ഓർത്തോർത്തു ചിരിക്കുന്നവയാണ്.

ഗോഡ് ഫാദറിലെ മായൻക്കുട്ടിയും, ഇൻ ഹരിഹർ നഗറിലെ അപ്പുകുട്ടനുമെല്ലാം ഏറെ ആരാധകരുള്ള ജഗദീഷിന്റെ കഥാപാത്രങ്ങളാണ്. എന്നാൽ ഇന്ന് സീരിയസ് കഥാപാത്രങ്ങളും മികച്ച വേഷങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ജഗദീഷ്. പുതിയ കാലത്തെ സിനിമയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇന്ത്യയിലെ ആദ്യ ത്രീ.ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനാണ് തന്റെ ആദ്യ ചിത്രമെന്ന് പറയുകയാണ് ജഗദീഷ്. ജിജോ പുന്നൂസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു. നൂറ് ദിവസം ഓടിയ ഒരു സിനിമയിലൂടെയാണ് തന്റെ തുടക്കമെന്ന് പറയുന്നത് ഒരു വലിയ ഭാഗ്യമാണെന്നും ജഗദീഷ് പറഞ്ഞു. നവോദയുടെ ഒരു ചിത്രത്തിൽ നിന്ന് വിളി വന്നപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ മോഹൻലാലിനെ പോലൊരു കഥാപാത്രമാണ് താൻ പ്രതീക്ഷിച്ചതെന്നും ജഗദീഷ് പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യയിലെ ആദ്യ ത്രീ.ഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തനാണ് എൻ്റെ ആദ്യ സിനിമ. നൂറു ദിവസം ഓടിയ ആ ചിത്രത്തിലാണു തുടക്കം എന്നു പറയാനാകുന്നതു വലിയ ഭാഗ്യമല്ലേ? നിമിത്തത്തേക്കാൾ എന്നെ സിനിമയിലെത്തിച്ചത് സ്നേഹമാണ്.

നവോദയയുടെ സംവിധായകനായ കെ. ശേഖറും അന്ന് സംവിധാന സഹായിയായിരുന്ന ടി. കെ. രാജീവ് കുമാറും ആണ് മൈ ഡിയർ കുട്ടിച്ചാത്തനിലേക്ക് എന്റെ പേര് നിർദേശിച്ചത്.

വെറും ഒന്നര സീനിൽ വരുന്ന കഥാപാത്രം. കാബറെ അനൗൺസർ. ആരെ വേണമെങ്കിലും അഭിനയിപ്പിക്കാമായിരുന്നു. പക്ഷേ, സംവിധായകൻ ജിജോയോട് എൻ്റെ പേരു നിർദേശിച്ചത് അവർക്കുള്ള സ്നേഹം തന്നെയാണ്.

നവോദയ നിർമിക്കുന്ന അടുത്ത സിനിമയിലേക്ക് പത്ര പരസ്യംകണ്ടാണ് ഫോട്ടോ അയച്ചത്. കാക്കനാടുള്ള സ്‌റ്റു ഡിയോയിലേക്ക് എത്താൻ അറിയിപ്പുകിട്ടി. പോകുന്നതിനു തലേദിവസം ഉറങ്ങാൻ പറ്റിയില്ല.

മോഡൽ സ്‌കുളിൽ എൻ്റെ ജുനിയറായിരുന്നു മോഹൻലാൽ. പോരെങ്കിൽ ഒരു ഗ്രൗണ്ടിൽ രണ്ടിടത്തായി ക്രിക്കറ്റ് കളിക്കുന്നവർ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ ലാൽ വലിയ പ്രശസ്‌തനായി. അതിനു ശേഷം നവോദയ നിർമിക്കുന്ന സിനിമ. ലാലിനെ പോലെ അടുത്ത വില്ലനോ നായകനോ ആക്കാനാണ് ആ ക്ഷണം എന്നാണു കരുതിയത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Mohanlal And My Dear Kuttichathan Movie

We use cookies to give you the best possible experience. Learn more