മമ്മൂട്ടിയുമായും ലാലുമായും നല്ല ബന്ധമുണ്ടെങ്കിലും അവരെ ഞാൻ ബുദ്ധിമുട്ടിക്കാറില്ല, കാരണം..: ജഗദീഷ്
Entertainment
മമ്മൂട്ടിയുമായും ലാലുമായും നല്ല ബന്ധമുണ്ടെങ്കിലും അവരെ ഞാൻ ബുദ്ധിമുട്ടിക്കാറില്ല, കാരണം..: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th August 2024, 8:20 pm

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. എൺപതുകൾ തൊട്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ നടൻ കൂടെയാണ്. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജഗദീഷ് ഞെട്ടിക്കുന്നുണ്ട്.

സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. മമ്മൂട്ടിയും മോഹൻലാലുമായി നല്ല ആത്മബന്ധം ഉണ്ടെങ്കിലും അനാവശ്യമായി അവരെ വിളിക്കാറില്ലെന്ന് പറയുകയാണ് ജഗദീഷ്.

അവരുടെ തിരക്കുകൾ നന്നായിട്ടറിയാമെന്നും അവരെ ബുദ്ധിമുട്ടിക്കാറില്ലെന്നും ജഗദീഷ് പറയുന്നു. റോഷാക്കിൽ അഭിനയിക്കുന്ന സമയത്ത് ഇത് തന്റെ ടേണിങ് പോയിന്റ് ആണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു. വനിതാ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയുമായും ലാലുമായും നല്ലബന്ധമുണ്ടെങ്കിലും ഒരു ഫോൺകോൾ പോലും അനാവശ്യമായി ചെയ്‌തിട്ടില്ല. അവരുടെ തിരക്കുകൾ എനിക്കു നന്നായറിയാം. അതുകൊണ്ടു തന്നെ ബുദ്ധിമുട്ടിക്കാറില്ല. കാണുമ്പോൾ ഇന്നലെ കണ്ടതു പോലെ സംസാരിച്ചു തുടങ്ങുകയും ചെയ്യും.

റോഷാക്കിന്റെ സമയത്ത് മമ്മുക്ക പറഞ്ഞു, ജഗദീഷിന് ഇതു ടേണിങ് പോയിന്റാണ്. എപ്പോൾ കാണുമ്പോഴും ചെയ്യാൻ പോകുന്ന സിനിമകളെക്കുറിച്ചു ചോദിക്കും. എന്റെ മാത്രമല്ല, സിനിമയിലെത്തുന്ന എല്ലാവരും എന്തു ചെയ്യുന്നു എന്നറിയാനുള്ള ആകാംക്ഷ ഇപ്പോഴും സൂക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം.

ജീവിതത്തിൽ ധർമപുത്രരെ പോലെയാണെങ്കിലും കരിയറിൽ ഞാൻ ദുര്യോധനനാണ്. വിജയിക്കണം. ഉയരണം എന്ന് അതിയായ മോഹമുണ്ട്. നല്ല കഥാപാത്രങ്ങൾ കിട്ടണം എന്റെ സിനിമകൾ വിജയിക്കണം എന്നൊക്കെയാണ് മനസിലെ ദുര്യോധനൻ എപ്പോഴും പറയാറുള്ളത്.

നായകനായി യാത്രയിൽ ഒന്നു മങ്ങിയപ്പോഴും ഞാൻ വീണു പോകാതിരുന്നതും പിന്നീട് ലീലയിലൂടെ തിരികെ വന്നതും എല്ലാം എൻ്റെ മനസിലെ ദുര്യോധനൻ പടയ്ക്കിറങ്ങുന്നതു കൊണ്ടാണ്. എന്നാൽ ധർമമല്ലാത്ത ഒരു വഴിയിലുടെയും എന്റെ സിനിമാ യാത്ര പോയിട്ടില്ല ,’ജഗദീഷ് പറയുന്നു.

 

Content Highlight: Jagadheesh Talk About Mammooty And Mohanlal