| Friday, 4th October 2024, 1:55 pm

അതൊരു മൈൻഡ് ട്രാവലിങ് ചിത്രം, സൈക്കാട്രിസ്റ്റായ എന്റെ മകൾ ചില സംശയങ്ങൾ ചോദിച്ചു: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ ചെയ്യുന്ന ചിത്രമാണിത്.ആസിഫ് അലി,വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം 50 കോടിക്ക് മുകളില്‍ കളക്ഷൻ ബോക്സ് ഓഫീസിൽ നേടിക്കഴിഞ്ഞു.

പഴുതടച്ച തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ബാഹുല്‍ തന്നെയാണ്. ജഗദീഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒരു മൈൻഡ് ട്രാവലിങ് സിനിമയാണ് കിഷ്കിന്ധാ കാണ്ഡമെന്ന് പറയുകയാണ് ജഗദീഷ്.

സൈക്കാട്രിസ്റ്റായ തന്റെ മകൾ ചിത്രത്തിന്റെ ട്രെയ്ലർ കണ്ടപ്പോൾ ഒരുപാട് സംശയങ്ങൾ ചോദിച്ചിരുന്നെന്നും എന്നാൽ താൻ സിനിമയെ കുറിച്ചൊരു മറുപടിയും നൽകിയില്ലെന്നും ജഗദീഷ് പറയുന്നു. സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുമെന്നാണ് മകളന്ന് പറഞ്ഞതെന്നും ജഗദീഷ് പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയിരുന്നു ജഗദീഷ്.

‘കിഷ്കിന്ധാ കാണ്ഡം ഒരു മൈൻഡ് ട്രാവലിങ് സിനിമയാണ്. മലയാളത്തിലെ ആദ്യത്തെ ചിത്രമാണെന്നൊന്നും ഞാൻ പറയുന്നില്ല. കെ.ജി.ജോർജ് സാറൊക്കെ സ്വപ്നാടനം എന്നൊക്കെ പറഞ്ഞ ചിത്രം മുമ്പ് ചെയ്തിട്ടുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിൽ എനിക്ക് ആത്മവിശ്വാസം വരാൻ കാരണമുണ്ട്.

കാരണം എന്റെ മകൾ ഒരു സൈക്കാട്രിസ്റ്റാണ്. തിരുവന്തപുരം ഗവണ്മെന്റ് മെന്റൽ ഹോസ്പിറ്റലിലാണ് അവൾ വർക്ക് ചെയുന്നത്. കിഷ്കിന്ധാ കണ്ടതിന്റെ ട്രെയ്ലർ കണ്ടപ്പോൾ അവൾ എന്നോട് ചോദിച്ചു, ഇത് ഇങ്ങനെയൊക്കെ ആണല്ലേയെന്ന്. ഞാൻ പറഞ്ഞു, അതൊന്നും പറയില്ലെന്ന്. നീയെന്റെ മകളാണ് പക്ഷെ ഞാനിതൊന്നും പറഞ്ഞു തരില്ലെന്ന് ഞാൻ പറഞ്ഞു.

അവളെന്നോട് പറഞ്ഞ മറുപടി, ഇതെനിക്ക് ഫസ്റ്റ് ഡേ തന്നെ കണ്ടാൽ കൊള്ളാമെന്നുണ്ട് അച്ഛായെന്നായിരുന്നു. ആ മറുപടി എന്നെ വല്ലാതെ ഹുക്ക് ചെയ്‌തിരുന്നു,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Kishkindha kandam Movie

We use cookies to give you the best possible experience. Learn more