മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജഗദീഷ്. പ്രേക്ഷകർ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജഗദീഷ് ഇന്നും മലയാള സിനിമയിൽ സജീവമാണ്.
നാലു പതിറ്റാണ്ടിനിടയിൽ മായൻ കുട്ടി, അപ്പുക്കുട്ടൻ, തുടങ്ങിയ മികച്ച കഥാപാത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട്. ഹാസ്യതാരമായാണ് കരിയർ തുടങ്ങിയതെങ്കിലും ഇന്ന് മലയാളത്തിലെ മികച്ച നടൻ കൂടിയാണ് അദ്ദേഹം.
താനും മോഹൻലാലും ഒരു സ്കൂളിലാണ് പഠിച്ചതെന്നും അന്ന് മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വലിയ വാർത്തയായെന്നും ജഗദീഷ് പറയുന്നു. സിനിമ മോഹം ഉണ്ടായിരുന്നുവെങ്കിലും. മോഹൻലാലിനോടും പ്രിയദർശനോടുമെല്ലാം പറയാൻ മടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌കൂളിൽ പഠിക്കുമ്പോഴേ പ്രിയനും ലാലിനും എം.ജി ശ്രീകുമാറിനുമെല്ലാം എന്നെ അറിയാം. കലാമത്സരങ്ങളാണ് ഞങ്ങളെ പരിചയക്കാരാക്കിയത്. പിന്നെ, ഒരേ ഗ്രൗണ്ടിലെ ക്രിക്കറ്റ് കളിയും ലാലിൻ്റെ ചേട്ടൻ എൻ്റെ ക്ലാസ്മേറ്റായിരുന്നു. സ്കൂളിലും കോളജിലും എൻ്റെ ജൂനിയറായിരുന്നു ലാൽ. മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ അഭിനയിക്കുന്നു എന്ന വിവരം ഗ്രൗണ്ടിലൊക്കെ വലിയ വാർത്തയായി.
ലാലിനെ പിന്നെ കാണുന്നത് അപ്പച്ചൻ സാറിനൊപ്പം (നവോദയ അപ്പച്ചൻ) ആകാശവാണിയിൽ വന്നപ്പോഴാണ്. ലാൽ സിനിമയെക്കുറിച്ചൊക്കെ അന്ന് സംസാരിച്ചു. ഞാൻ കൈ കൊടുത്തിട്ടു പറഞ്ഞു,ഓൾ ദ ബെസ്‌റ്റ്, പതിവ് ലാൽച്ചിരിയായിരുന്നു മറുപടി. ശങ്കറിൻ്റെ കഥാപാത്രത്തിനു പറ്റിയ ശബ്‌ദം തിരഞ്ഞാണ് അവരന്നു വന്നത്. ചേരുന്നതു കിട്ടാത്തതു കൊണ്ടാകാം പിന്നീട് ശങ്കർ തന്നെ ശബ്ദം നൽകി. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ വലിയ വിജയമായി.
ഞാനപ്പോൾ നാടകവും ആകാശവാണിയും അധ്യാപനവും ഒക്കെയായി നടക്കുകയാണ്. സിനിമയെന്ന മോഹത്തിന് ദിവസം കഴിയും തോറും വേരോട്ടം കൂടുന്നുണ്ടെങ്കിലും അതിനുവേണ്ടി കാര്യമായൊന്നും ചെയ്‌തില്ല. ലാലിനെയും പ്രിയനെയും അറിയാം. എന്നാലും ഇങ്ങനെ ഒരു മോഹമുണ്ടെന്ന് പറയാൻ മടിയായിരുന്നു,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Talk About His School Days With Mohanlal