| Sunday, 11th August 2024, 12:17 pm

സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രത്തിൽ നിന്ന് എന്റെ എല്ലാ സീനുകളും ഒഴിവാക്കി, നിരാശയില്ല കാരണം സിനിമ കൂടുതൽ നന്നായി: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹൻലാൽ – പ്രിയദർശൻ ജനപ്രിയ കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കിലുക്കം. മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി,തിലകൻ തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിൽ മലയാളികൾ ഇന്നും റിപ്പീറ്റ് അടിച്ചു കാണുന്ന നിരവധി കോമഡി സീനുകളുണ്ട്. ചിത്രത്തിൽ നടൻ ജഗദീഷും ഒരു കഥാപാത്രമായി അഭിനയിച്ചിരുന്നു. കിലുക്കത്തിലെ ഒന്ന് രണ്ട് സീനിൽ ജഗദീഷിനെ കാണാം.

എന്നാൽ സിനിമയുടെ നീളവും പ്രധാന കഥയുമെല്ലാം നോക്കുമ്പോൾ തന്റെ സീനുകൾ ആവശ്യമില്ലെന്ന് മനസിലാക്കി അവ കട്ട് ചെയ്‌തെന്ന് ജഗദീഷ് പറയുന്നു. ജഗതി ശ്രീകുമാറിനൊപ്പമുള്ള കോമഡി സീനുകളായിരുന്നു തന്റെ രംഗമെന്നും അതിപ്പോൾ യൂട്യൂബിലൊക്കെ ഇടാൻ കഴിഞ്ഞാൽ എല്ലാവർക്കും ആസ്വദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെ റീ റിലീസ് ചെയ്ത ദേവദൂതൻ എന്ന ചിത്രത്തിൽ നിന്ന് ജഗതിയുടെ കോമഡി രംഗങ്ങൾ ഒഴിവാക്കിയതിന് കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. റെഡ്.എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ഇരുപത്തിയഞ്ചു ദിവസം ഞാൻ കിലുക്കത്തിന്റെ ലൊക്കേഷനിൽ ഉണ്ടായിരുന്നു. അപ്പോൾ തന്നെ മനസിലാവില്ലേ എനിക്കുള്ള റോൾ. ഒരു പത്ത് പന്ത്രണ്ടു സീനും എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനും ഞാനും തമ്മിലുള്ള ഒരു കോമ്പറ്റീഷനാണ് സിനിമയിലെ എന്റെ ഒരു ട്രാക്ക്. അത് വെട്ടി മാറ്റാൻ കഴിയുന്നത് എന്താണെന്ന് ചോദിച്ചാൽ, കിലുക്കത്തിന്റെ മെയിൻ ട്രാക്കുമായി അതിന് ബന്ധമില്ലാത്തതുകൊണ്ടാണ്.

എന്നാൽ നല്ല രസമുള്ള സീനുകളാണ്. ഞാനും ജഗതി ചേട്ടനും ഒന്നിച്ചുള്ള ആ സീനുകൾ യഥാർത്ഥത്തിൽ ഇന്ന് യൂട്യൂബിലൊക്കെ ഇട്ടിരുന്നെങ്കിൽ ആളുകൾക്ക് നല്ല രസകരമായി കാണാൻ കഴിയുമായിരുന്നു. സത്യത്തിൽ അത് കാണാൻ കഴിയാത്തതിന്റെ വിഷമം എനിക്കുണ്ട്. സിനിമയിൽ അതിന്റെ ആവശ്യമില്ലായിരുന്നു.

ഇപ്പോൾ റീമാസ്റ്റർ ചെയ്ത ദേവദൂതനിൽ കണ്ടില്ലേ, ജഗതി ചേട്ടന്റെ കോമഡി സീനുകൾ പോയി. അതിൽ കുറെ പേർക്ക് പരിഭവമുണ്ട്. ഇത്രയും സീനിയർ ആയിട്ടുള്ള ഒരു നടന്റെ സീനുകൾ ഒഴിവാക്കിയതിൽ. പക്ഷെ സിബി മലയിലിന് അദ്ദേഹത്തിന്റേതായ ഒരു ഐഡിയ ഉണ്ട്. സിനിമ കുറച്ചുകൂടെ ക്രിസ്പ് ആയി. ഒന്ന് കൂടെ ഷോർട്ടായി.

അപ്പോൾ മെയിൻ ട്രാക്കിൽ നിന്ന് വിട്ടുനിൽക്കുന്ന കഥാപാത്രങ്ങൾ ചിലപ്പോൾ സിനിമയിൽ നിന്ന് പോവും. അത് നമ്മൾ മനസിലാക്കണം. അത് മാറ്റി കഴിഞ്ഞാലും സിനിമക്ക് കുഴപ്പമില്ലെങ്കിൽ ആ കഥാപാത്രം വേണ്ടായെന്നാണ് അതിന്റെ അർത്ഥം. കിലുക്കത്തിലെ എന്റെ സീനുകൾ വെട്ടി കളഞ്ഞതുകൊണ്ട് ഒരു പ്രശ്നവും ഉണ്ടായില്ല.

സിനിമ നന്നായി. ഇപ്പോഴും നല്ല ലെങ്ത്തുള്ള ചിത്രമാണത്. ചിലപ്പോൾ എന്റേത് കൂടെ വെച്ചിരുന്നുവെങ്കിൽ സിനിമ ഒന്നുകൂടെ വലുതായേനെ. അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് പറയാൻ കഴിയില്ല. അതുകൊണ്ട് ആ സീൻ ഒഴിവാക്കിയതിൽ നിരാശയില്ല,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About His Scenes In Mohanlal’s Kilukkam Movie

We use cookies to give you the best possible experience. Learn more