കാലങ്ങളായി മലയാള സിനിമയിൽ നിറിഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി കരിയർ തുടങ്ങിയ ജഗദീഷിന്റെ കോമഡികൾ പലതും ഇന്നും പ്രേക്ഷകർ ഓർത്തോർത്തു ചിരിക്കുന്നവയാണ്. ഗോഡ് ഫാദറിലെ മായൻക്കുട്ടിയും, ഇൻ ഹരിഹർ നഗറിലെ അപ്പുകുട്ടനുമെല്ലാം ഏറെ ആരാധകരുള്ള ജഗദീഷിന്റെ കഥാപാത്രങ്ങളാണ്.
എന്നാൽ ഇന്ന് സീരിയസ് കഥാപാത്രങ്ങളും മികച്ച വേഷണങ്ങളും ചെയ്യുന്ന ഒരു അഭിനേതാവാണ് ജഗദീഷ്. പുതിയ കാലത്തെ സിനിമയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്നുണ്ട്.
മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ സൂപ്പർ താരങ്ങൾ നിറഞ്ഞ് നിൽക്കുമ്പോൾ തന്നെ നായകനായ ചിത്രങ്ങളും വിജയിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. എന്നാൽ നാൽപതിലേറെ സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ടെങ്കിലും താനൊരു താരമാണെന്ന് തോന്നിയിട്ടില്ലെന്ന് ജഗദീഷ് പറയുന്നു.
ചിത്രം എന്ന സിനിമയിൽ എം. ജി സോമന്റെ ഡ്യൂപ്പായി വരെ താൻ അഭിനയിച്ചിട്ടുണ്ടെന്നും തിളങ്ങി നിന്നിരുന്ന സമയത്ത് ജനകീയ നടനെന്നാണ് മാധ്യമങ്ങൾ തന്നെ വിശേഷിപ്പിച്ചിരുന്നതെന്നും സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് അദ്ദേഹം പറഞ്ഞു.
’40 സിനിമകളിൽ നായകനായി അഭിനയിച്ചെങ്കിലും ഞാനൊരു താരമാണെന്ന് തോന്നിയിട്ടില്ല. അതൊട്ടും ആഗ്രഹിച്ചിരുന്നുമില്ല. ‘ചിത്ര’ത്തിൽ അഭിനയിക്കുമ്പോൾ എം.ജി. സോമൻ ചേട്ടൻ്റെ ഡ്യൂപ്പായിവരെ അഭിനയിച്ചിട്ടുണ്ട്. തിളങ്ങി നിന്ന കാലത്ത് ജനകീയ നടൻ എന്ന ബഹുമതിയാണ് അന്നത്തെ മാധ്യമങ്ങൾ സമ്മാനിച്ചത്.
ഞാൻ നായകനായ ചിത്രങ്ങൾ അതിന്റെ നിർമാതാക്കളെ തകർത്തിട്ടില്ല. ആ സിനിമകളുടെ നിർമാണച്ചെലവ് കുറയ്ക്കാനുള്ള പ്രധാന കാരണം ഞാനാണെന്ന ഉറച്ച വിശ്വാസമുണ്ട്,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Talk About His Film Career