| Saturday, 18th November 2023, 11:00 am

ഇപ്പോഴും ഞാൻ മായേടെ പിന്നാലെ നടന്നാൽ ആളുകൾ എനിക്ക് വേറേ പണിയില്ലേയെന്ന് ചോദിക്കും: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യതാരമായി കടന്നുവന്ന് നിലവിൽ വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ജഗദീഷ്. ഈയിടെയായി അഭിനയിച്ച സിനിമകളിലെ പ്രകടനങ്ങൾ എല്ലാം വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

പഴയ തരത്തിലുള്ള കോമഡി വേഷങ്ങൾ വീണ്ടും ചെയ്യാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ജഗദീഷ്.

തനിക്ക് ഹ്യൂമർ ചെയ്യാൻ ഇപ്പോഴും ഒരുപാട് ആഗ്രഹമുണ്ടെന്നും എന്നാൽ പ്രായത്തിനനുസരിച്ചുള്ള കോമഡി വേഷങ്ങൾ മാത്രമേ ഇപ്പോൾ ചെയ്യാൻ കഴിയുകയുള്ളൂവെന്നും ജഗദീഷ് പറയുന്നു. പുതിയ ചിത്രം ഫാലിമിയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് വീണ്ടും കോമഡി വേഷങ്ങൾ ചെയ്യാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് ഹ്യൂമർ ചെയ്യാൻ ഇപ്പോഴും നല്ല ആഗ്രഹമുണ്ട്. തമാശകളിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുപോലെ എന്റെ പ്രായത്തിൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ടല്ലോ. ഗോഡ് ഫാദറിലെ മായിൻകുട്ടിയുടെ അതേ പ്രായത്തിലുള്ള കോമഡി ഇപ്പോൾ ഞാൻ കാണിക്കുന്നത് ശരിയല്ല എന്നാണ് എന്റെ പക്ഷം.

അപ്പുക്കുട്ടൻ എന്ന കഥാപാത്രമാവുമ്പോൾ ഈ പ്രായത്തിലെ അപ്പുക്കുട്ടൻ എന്താണോ ചെയ്യുന്നത് അതേ ചെയ്യാൻ കഴിയുള്ളു. അല്ലാതെ ഞാൻ വീണ്ടും ഒരു ചെറുപ്പക്കാരനായി മായയുടെ പിന്നല്ലേ നടക്കുകയാണെങ്കിൽ അതിന് ഇനി പ്രസക്തിയില്ല.

വളരെ സീനിയർ ആയിട്ടുള്ള ഒരു മായയോ ആ മായേടെ ഒരു മൂത്ത ചേച്ചിയെങ്ങാനും വരികയാണെങ്കിൽ ഇന്ന് അല്പം താത്പര്യം ആവാം. ഇപ്പോഴും ഞാൻ മായേടെ പിന്നാലെ നടക്കുകയാണെങ്കിൽ ആളുകൾ ചോദിക്കും, ഇവന്മാർക്ക് വേറേ പണിയൊന്നുമില്ലേയെന്ന്. അങ്ങനെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുത്(ചിരി),’ ജഗദീഷ് പറയുന്നു.

കഴിഞ്ഞ ദിവസം ഇറങ്ങിയ ഫാലിമി എന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസില്‍ ജോസഫ് നായകനാകുന്ന ചിത്രത്തില്‍ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Content Highlight: Jagadheesh Talk About His Comody Roles In Movies

We use cookies to give you the best possible experience. Learn more