മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് ജഗദീഷ്. പ്രേക്ഷകർക്ക് ഓർത്തോർത്ത് ചിരിക്കാൻ നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച താരം ഈയിടെയായി തെരഞ്ഞെടുക്കുന്ന വേഷങ്ങൾ പലതും ഒരുപാട് വ്യത്യസ്തമാണ്.
നിലവിൽ പ്രകടനങ്ങളിലൂടെ കയ്യടി നേടുന്നുണ്ട് ജഗദീഷ്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ‘ഫാലിമി’ എന്ന ചിത്രത്തിലും അത് കാണാൻ സാധിക്കുന്നുണ്ട്.
രഞ്ജിത്ത് ഒരുക്കിയ ലീല എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ജഗദീഷ്. അങ്ങനെ ഒരു വേഷം ചെയ്യുന്നത് തനിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ലെന്നും അത് അഭിനയിക്കുന്നതിനു മുൻപ് ഭാര്യയോടും മക്കളോടുമെല്ലാം സംസാരിച്ച ശേഷമാണ് അഭിനയിച്ചതെന്നും ജഗദീഷ് പറയുന്നു. ഹരികൃഷ്ണൻസ് എന്ന സിനിമയിലെ വക്കീൽ വേഷത്തെ കുറിച്ചും അദ്ദേഹം ജിഞ്ചർ മീഡിയയോട് സംസാരിച്ചു.
‘ലീല സിനിമയിൽ എനിക്ക് കിട്ടിയ കഥാപാത്രം ഒരിക്കലും ചിന്തിക്കാൻ പറ്റുന്ന ഒന്നല്ലായിരുന്നു. സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം എന്ന് പറയുമ്പോൾ അത് വലിയൊരു ചലഞ്ച് ആയിരുന്നു. ആ ക്യാരക്ടർ എങ്ങനെ ചെയ്യുമെന്ന് ഓർത്ത് എനിക്ക് ആത്മസംഘർഷം ഉണ്ടായിരുന്നു.
എന്നെപ്പോലെ ഒരു നടൻ സിനിമയിൽ ആ വേഷം ചെയ്യുമ്പോൾ പ്രേക്ഷകർ അത് എങ്ങനെ സ്വീകരിക്കുമെന്ന കൺഫ്യൂഷനായിരുന്നു എനിക്ക്. ഞാൻ ആദ്യം അഭിപ്രായം ചോദിച്ചത് രമയോടും കുട്ടികളോടും ആയിരുന്നു. ധൈര്യമായി ചെയ്തോ അതൊരു കഥാപാത്രം മാത്രമാണ് എന്നായിരുന്നു അവർ പറഞ്ഞത്.
സൊസൈറ്റിയിൽ അങ്ങനെയുള്ള അച്ഛന്മാരും ഉണ്ട്. അങ്ങനെ രമയും കുട്ടികളും തന്ന ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ആ വേഷം ചെയ്യുന്നത്. അതുപോലെതന്നെ ഹരികൃഷ്ണൻ എന്ന സിനിമയിൽ ഒരു അതിഥി വേഷത്തിൽ ഞാൻ അഭിനയിച്ചിരുന്നു.
അതിലെ എന്റെ കഥാപാത്രം കോടതിയിൽ വച്ച് ബേബി ശ്യാമിലിയോട് ചോദ്യം ചോദിച്ച് ഹറാസ് ചെയ്യുന്നുണ്ട്. അതിൽ ഞാൻ ഒരു അഡ്വക്കേറ്റ് ആയിരുന്നു. ആ വേഷം ചെയ്യുമ്പോഴും യഥാർത്ഥത്തിൽ എനിക്ക് ഈ ആശയകുഴപ്പം ഉണ്ടായിരുന്നു. ഒരു കൊച്ചു കുട്ടിയോട് അനാവശ്യമായ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിച്ചതിന് ഒരുപാട് പേർക്ക് പ്രയാസം തോന്നി