| Wednesday, 29th November 2023, 12:58 pm

ആ സിനിമ ഇന്നാണെങ്കിൽ എത്ര മികച്ച താരങ്ങൾ അഭിനയിച്ചാലും സ്വീകരിക്കപ്പെടില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട നടനാണ് ജഗദീഷ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരം ഹാസ്യ നടനായാണ് തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്.

കാലങ്ങൾക്കിപ്പുറം സിനിമയിലും ആഖ്യാനത്തിലുമെല്ലാം വന്ന വലിയ മാറ്റങ്ങൾക്കനുസരിച്ച് വ്യത്യസ്തമായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട് ജഗദീഷ്. തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഫാലിമിയിലും താരം കയ്യടി നേടുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു സിദ്ധിഖ് ലാൽ ഒരുക്കിയ ഗോഡ്ഫാദർ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തിയ ജഗദീഷ് ഇന്നത്തെ കാലത്ത് ഗോഡ് ഫാദർ എന്ന സിനിമയ്ക്കുള്ള സാധ്യതയെ കുറിച്ച് പറയുകയാണ്.

കഥയിലാണെങ്കിലും സാങ്കേതികതയിലാണെങ്കിലും സിനിമകൾ ഒരുപാട് മാറിയിട്ടുണ്ടെന്നും കാലത്തിനനുസരിച്ച് സിനിമകൾ മാറുകയാണെന്നും അദ്ദേഹം പറയുന്നു.
ഗോഡ് ഫാദർ പോലുള്ള സിനിമകൾ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ടെന്നും എന്നാൽ കാലങ്ങൾക്ക് ശേഷം വീണ്ടും സിനിമ റീമേക്ക് ചെയ്ത് പുറത്തിറക്കിയാൽ സ്വീകരിക്കപ്പെടുമെന്നതിനർത്ഥമില്ലെന്നും ജഗദീഷ് പറയുന്നു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗോഡ് ഫാദർ കാണുമ്പോൾ അന്നത്തെ ചിത്രമായി പ്രേക്ഷകർ കണ്ടിരുന്ന ആ സിനിമ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ട്. കാലത്തിനനുസരിച്ചുള്ള എല്ലാ കാര്യങ്ങളിലും മാറ്റം ഉണ്ടായിട്ടുണ്ട്. അതാണ് ഇന്നത്തെ കോമഡികളിൽ കാണാൻ സാധിക്കുന്നത്. കഥയിലാണെങ്കിലും സാങ്കേതികമായ കാര്യങ്ങളിൽ ആണെങ്കിലും തിരക്കഥയിലും അഭിനയത്തിനുമെല്ലാം ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. കാലത്തിനനുസരിച്ച് നീങ്ങുന്നതാണ് സിനിമ.

അങ്ങനെ പറയുമ്പോഴും ഗോഡ് ഫാദർ എന്ന ചിത്രത്തെ നമ്മൾ ക്ലാസിക്കിന്റെ വകുപ്പിൽ പെടുത്തുന്നുണ്ട്. എന്ന് കണ്ടാലും ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ഗോഡ്ഫാദർ. അതുപോലെ എന്നും കണ്ടാൽ ആസ്വദിക്കാൻ പറ്റുന്ന കോമഡിയാണ് ഇൻ ഹരിഹർ നഗർ. അതിനർത്ഥം ആ സിനിമകളെല്ലാം എന്നും സ്വീകരിക്കപ്പെടും എന്നാണ്.

പക്ഷെ കാലങ്ങൾക്കുശേഷം ഇന്ന് ആ സിനിമ വീണ്ടും ഷൂട്ട് ചെയ്ത് പുറത്തിറക്കിയാൽ സ്വീകരിക്കപ്പെടുമെന്ന് അതിനർത്ഥമില്ല. അന്നത്തെ സിനിമയായി നമ്മൾ കയ്യടിച്ച് കണ്ടിരിക്കും. എത്രനേരം വേണമെങ്കിലും കണ്ടിരിക്കാം.

എന്നാൽ ഇന്ന് ഗോഡ് ഫാദർ എന്ന ചിത്രത്തിന് അതേ രീതിയിൽ പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാൽ, ആ രീതിയിൽ തന്നെ റീമേക്ക് ചെയ്യുകയാണെങ്കിലും എത്ര മികച്ച അഭിനേതാക്കളാണെങ്കിലും അത് ജനം അംഗീകരിക്കില്ല,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh Talk About Godfather Movie

We use cookies to give you the best possible experience. Learn more