പത്മരാജൻ സാറിന്റെ ആ സിനിമ ഇന്നും എന്റെ വേദനയാണ്: ജഗദീഷ്
Entertainment
പത്മരാജൻ സാറിന്റെ ആ സിനിമ ഇന്നും എന്റെ വേദനയാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th September 2024, 9:04 am

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടൻ, മായിൻകുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ച് ചെയ്യുന്ന നടൻ കൂടെയാണ് ജഗദീഷ്.

മലയാളത്തിലെ നിരവധി മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ജഗദീഷ് സംവിധായകൻ പത്മരാജനെ കുറിച്ച് സംസാരിക്കുകയാണ്. പണ്ട് താൻ ആകാശവാണിയിൽ പരിപാടി ചെയ്യുമ്പോൾ പത്മരാജൻ അവിടെ ഉണ്ടായിരുന്നുവെന്നും അന്ന് സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചിരുന്നുവെന്നും ജഗദീഷ് പറയുന്നു.

ഒടുവിൽ തനിക്ക് അദ്ദേഹം അവസരം തന്നെന്നും എന്നാൽ ആ ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് പത്മരാജൻ മരണപ്പെട്ടെന്നും ജഗദീഷ് പറഞ്ഞു. ആ സിനിമ ഇന്നും തന്റെ വേദനയാണെന്നും ജഗദീഷ് വനിത മാഗസിനോട്‌ പറഞ്ഞു.

‘ഇതളുകൾ എന്ന പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ പത്മരാജൻ സാർ അവിടെ ന്യൂസ് റീഡർ ആണ്. ‘വാർത്തകൾ വായിക്കുന്നത് പത്മരാജൻ’ ഒരു പ്രത്യേക താളത്തിൽ പറയുന്ന ഈ വരിയും ആ പേരും അന്ന് മലയാളികൾക്ക് സുപരിചിതമാണ്.

ഇടയ്ക്ക് ആകാശവാണിയിൽ വച്ചു കാണുമ്പോൾ പറയും, ഞാൻ എംജി കോളജിൽ പഠിപ്പിക്കുകയാണ്. എനിക്ക് സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്നുണ്ട്. ഗൗരവത്തെ മുഴുവനായി മായ്ച്ചുകളയാതെ അദ്ദേഹം മറുപടിയും തരും, അവസരം വരുമ്പോൾ നമുക്കു നോക്കാം. പറ്റുന്ന കഥാപാത്രങ്ങൾ വരട്ടെയെന്ന്. പിന്നീട് പല സിനിമകളും അദ്ദേഹം സംവിധാനം ചെയ്തെങ്കിലും എന്നെ വിളിച്ചില്ല. എന്നാലും വിളിച്ചില്ലല്ലോ എന്ന വേദന മനസിലുണ്ടായിരുന്നു.

പെട്ടെന്നൊരു ദിവസം നിർമാതാവ് രാജു മല്യത്തിന്റെ ഫോൺ, പത്മരാജൻ്റെ അടുത്ത സിനിമ ഞാനാണ് നിർമിക്കുന്നത്. അതിൽ ജഗദീഷിന് വേഷമുണ്ട്. എത്ര നാളായി ആഗ്രഹിച്ച കാര്യമാണ്. അത് തൊട്ടരികിലെത്തിയ സന്തോഷത്തിലായിരുന്നു ഞാൻ.

‘ഞാൻ ഗന്ധർവനു’ ശേഷം തുടങ്ങാനായിരുന്നു പ്ലാൻ. നായകൻ ജയറാം. കായികാധ്യാപകൻ്റെ വേഷമായിരുന്നു ജയറാമിന്. മറ്റൊരധ്യാപകനായി ഞാനും. പക്ഷേ, പത്മരാജൻ സാറിന്റെ സ്നേഹം അനുഭവിക്കാൻ എനിക്കു സാധിച്ചില്ല. സിനിമ തുടങ്ങും മുൻപേ അദ്ദേഹം പോയി. നടക്കാതെ പോയ ആ സിനിമ ഇന്നും എന്റെ വേദനയാണ്,’ജഗദീഷ് പറയുന്നു.

 

Content Highlight: Jagadheesh Talk About Director Pathmarajan