സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു മുത്താരം കുന്ന് പി.ഒ. ഒരു ഗുസ്തി ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രത്തിനായി കഥ ഒരുക്കിയത് ജഗദീഷും ശ്രീനിവാസനും ചേർന്നായിരുന്നു. ഹ്യൂമറിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ നെടുമുടി വേണു, ലിസി, മുകേഷ്, ശ്രീനിവാസൻ തുടങ്ങി വലിയ താരനിര അണിനിരന്നിരുന്നു.
കുട്ടൻ പിള്ള എന്ന ഗുസ്തിയാശാനായാണ് നെടുമുടി വേണു ചിത്രത്തിൽ വേഷമിട്ടത്. ആ കഥാപാത്രത്തിനായി നെടുമുടി വേണുവിന്റെ പേര് നിർദേശിച്ചത് ശ്രീനിവാസനാണെന്ന് പറയുകയാണ് ജഗദീഷ്. എന്നാൽ ആ കഥാപാത്രം അങ്ങനെ അവതരിപ്പിച്ചത് നെടുമുടി വേണുവിന്റെ പ്ലാൻ ആയിരുന്നുവെന്നും ആ കഥാപാത്രത്തിൽ യഥാർത്ഥത്തിൽ ഒരു ഗുസ്തിക്കാരനെ കാണാൻ പറ്റിയെന്നും ജഗദീഷ് പറയുന്നു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുത്താരം കുന്ന് പി. ഒയിൽ യഥാർത്ഥത്തിലുള്ളത് കുട്ടൻ പിള്ള എന്ന കഥാപാത്രമാണ്. അവിടെ വേണു ചേട്ടന്റെ പേര് നിർദേശിച്ചത് ശ്രീനിവാസൻ ആയിരുന്നു. ശ്രീനിയാണ് പറഞ്ഞത്, ആ കഥാപാത്രം വേണു ചേട്ടൻ ചെയ്താൽ നന്നായിരിക്കുമെന്ന്.
അത് കേട്ടപ്പോൾ എനിക്ക് ഓക്കെ തോന്നി. പക്ഷെ നെടുമുടി വേണു ചേട്ടൻ ആ കഥാപാത്രത്തിന് ചെറിയൊരു മാറ്റം വരുത്തിയിരുന്നു. നമുക്ക് സിനിമ കാണുമ്പോൾ മനസിലാവും, കുട്ടൻ പിള്ള ചെറിയൊരു മുടന്തു പോലൊരു സാധനം നടക്കുമ്പോൾ ചെയ്യുന്നുണ്ട്.
അത് പണ്ടെപ്പോഴോ ഗുസ്തി മത്സരത്തിൽ സംഭവിച്ച പോലൊരു സൂചനയാണ് പ്രേക്ഷകർക്ക് കൊടുക്കുന്നത്. ഏറ്റവും വലിയ ഗുസ്തിക്കാരും പിന്നീട് വ്യായാമം ഒക്കെ കുറഞ്ഞാൽ വയറൊക്കെ ചാടുന്ന അവസ്ഥയിൽ എത്താറുണ്ട്.