ഒന്നിച്ചപ്പോഴെല്ലാം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടാണ് ജഗദീഷ് – മോഹൻലാൽ. ബട്ടർ ഫ്ലൈസ്, മാന്ത്രികം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം പ്രധാന ആകർഷണം ഇരുവരുടെയും പ്രകടനം തന്നെയായിരുന്നു.
ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം നേരിലും ജഗദീഷും മോഹൻലാലും ഒന്നിച്ചെത്തുന്നുണ്ട്. ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ജഗദീഷ്.
മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സൂക്ഷിക്കണമെന്നാണ് താരം പറയുന്നത്. ഷോട്ടിന് മുമ്പ് മോഹൻലാൽ ചില തമാശകൾ പറയുമെന്നും ആക്ഷൻ പറഞ്ഞാലും നമ്മൾ ആ തമാശയിൽ തന്നെ ആയിരിക്കുമെന്നും ജഗദീഷ് പറയുന്നു. ലാൽ ആക്ഷൻ പറഞ്ഞാൽ കഥാപാത്രമാവൻ തയ്യാറായിരിക്കുമെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് അദ്ദേഹം പറഞ്ഞു.
‘ലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ സൂക്ഷിക്കേണ്ട ഒരു കാര്യമുണ്ട്. ഷോട്ടിന് മുമ്പ് ലാൽ തമാശകളൊക്കെ പറയും. പക്ഷെ ലാൽ തമാശ പറയുന്ന കൂട്ടത്തിൽ അതെല്ലാം ആസ്വദിച്ച് നമ്മുടെ ഡയലോഗുകൾ മറക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.
നമ്മൾ ഷോട്ടിന് തയ്യാറായി ഇരിക്കണം. ലാൽ എപ്പോഴോ തയ്യാറായിട്ടുണ്ടാകും. സ്റ്റാർട്ട് ക്യാമറ എന്ന് പറയുമ്പോൾ ലാൽ ഡയലോഗിനും കാര്യങ്ങൾക്കുമൊക്കെ റെഡിയാണ്. നമ്മൾ ആ തമാശയിൽ തന്നെ നിന്ന് പോയാൽ ഷോട്ട് നന്നായി എടുക്കാൻ കഴിയില്ല.
ആ തമാശകൾ ആസ്വദിക്കുമ്പോഴും ഷോട്ടിൽ അടുത്തത് ഇന്ന ഡയലോഗ് ആണെന്ന ബോധ്യം ഒരു പകുതിയെങ്കിലും നമ്മുടെ മനസിൽ ഉണ്ടാവണം. ഇല്ലെങ്കിൽ പറ്റില്ല.
ലാലുമായിട്ട് ആ ഒരു സൗഹൃദം ഉള്ളവർക്കേ അതെല്ലാം അറിയുള്ളൂ. എത്രയൊക്കെ തമാശ പറഞ്ഞാലും ലാൽ ഷോട്ടിലേക്ക് കയറും എന്ന് ജീത്തുവിന് ഉറപ്പുണ്ട്. അല്ലെങ്കിൽ ഒരു സംവിധായകൻ സ്വഭാവികമായി പറയുക, എന്തൊരു മോശം സീനാണ് ഇവിടെ തമാശയൊന്നും പറയരുത് പ്ലീസ് സൈലൻസ് എന്നായിരിക്കും.
പക്ഷെ ജീത്തുവിന് അറിയാം ആക്ഷൻ പറഞ്ഞാൽ വിജയ് മോഹൻ എന്ന കഥാപാത്രമായി ലാൽ മാറി കഴിഞ്ഞിട്ടുണ്ടാവുമെന്ന്,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Talk About Acting Experience With Mohanlal