കര്‍ണാടക മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു
India
കര്‍ണാടക മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടര്‍ സത്യപ്രതിജ്ഞ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2012, 11:17 am

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

മുഖ്യമന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഡ ഇന്നലെ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഷെട്ടര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ചൊവ്വാഴ്ചയാണ് ഷെട്ടറിനെ നിയമസഭാകക്ഷി നേതാവായി  തെരഞ്ഞെടുത്തത്. 2008ല്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു ഷെട്ടര്‍.

കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ആര്‍.അശോക്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.ഈശ്വരപ്പ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

സദാനന്ദ ഗൗഡ മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്ന ഷെട്ടര്‍ മുമ്പ് നിയമസഭാ സ്പീക്കറായും റവന്യൂ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994 മുതല്‍ ഹുബ്ലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഷെട്ടര്‍ ഒരുതവണ പ്രതിപക്ഷ നേതാവായിരുന്നു.

അതേസമയം പുതിയ അഴിമതി ആരോപണത്തിന്റെ നിഴലിലാണ് ഷെട്ടര്‍ അധികാരത്തിലേറുന്നത്.  2006ല്‍ റവന്യൂമന്ത്രിയായിരിക്കെ 178 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പുനര്‍വിജ്ഞാപനം ചെയ്ത സംഭവത്തില്‍ 250 കോടി രൂപ നഷ്ടം വരുത്തിയെന്ന് ആരോപിച്ച് ലോകായുക്തയിലാണ് ഷെട്ടറിനെതിരെ പരാതി എത്തിയത്.

മന്ത്രിസഭയുടെ അംഗീകാരമില്ലാതെയാണ് ഷെട്ടര്‍ ഭൂമി പുനര്‍വിജ്ഞാപനം നടത്തിയതെന്നും പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകനായ എസ്.എം. ചേതന്‍ ആരോപിക്കുന്നു. കേസില്‍ ഈമാസം 21ന് കോടതി വാദം കേള്‍ക്കും.