മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. എൺപതുകൾ തൊട്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഹാസ്യ നടൻ കൂടെയാണ്. ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജഗദീഷ് ഞെട്ടിക്കുന്നുണ്ട്.
സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. മോഹൻലാലും സംവിധായകൻ പ്രിയദർശനുമായും നല്ല ബന്ധമാണുള്ളതെന്നും എന്നാൽ ഓരോ സൗഹൃദത്തിലും എവിടെ നിൽക്കണമെന്ന ബോധം തനിക്കുണ്ടെന്നും ജഗദീഷ് പറയുന്നു.
ബോളിവുഡിലെ ഒരു നിർമാതാവ് പ്രിയദർശനെ കാണാൻ വന്നപ്പോഴുള്ള അനുഭവവും താരം പങ്കുവെച്ചു. താൻ അഭിനയിച്ച ഫാലിമി എന്ന ചിത്രം കണ്ട് പ്രിയദർശൻ അഭിനന്ദിച്ചിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. വനിതാ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഓരോ സൗഹൃദത്തിലും എവിടെ നിൽക്കണം എന്നതു വലിയ പാഠമാണ്. പ്രിയനും ലാലും ഒക്കെയായി വർഷങ്ങൾക്കു മുൻപേയുള്ള പരിചയമാണ്. പക്ഷേ, എപ്പോൾ സംസാരിക്കണം, എപ്പോഴാണു നിർത്തേണ്ടത് എന്ന് കൃത്യമായി അറിയാവുന്നത് കൊണ്ട് ആ സൗഹ്യദങ്ങൾ ഇപ്പോഴും തുടരുന്നു.
പ്രിയൻ്റെ ഒരു ലൊക്കേഷൻ. ഞാനും പ്രിയനും കാരവാനിൽ ഇരുന്നു സംസാരിക്കുകയാണ്. അപ്പോഴാണ് ബോളിവുഡിലെ ഒരു നിർമാതാവ് പ്രിയനെ കാണാനെത്തിയത്. അദ്ദേഹം വന്നതും ഞാൻ എഴുന്നേറ്റു. പ്രിയൻ പറഞ്ഞു, നീ എങ്ങോട്ടു പോകുന്നു, അവിടെ ഇരിക്കെന്ന്, പക്ഷേ, ഞാൻ ഇറങ്ങി. റോളില്ലാത്ത ഇടങ്ങളിൽ നിന്ന് അവസരത്തിനൊത്ത് മാറുന്നതുകൊണ്ടാണ് ബന്ധങ്ങൾ നിലനിൽക്കുന്നത്.
ഫാലിമി കണ്ട് പ്രിയൻ വിളിച്ചു നീ കലക്കുന്നുണ്ടെന്ന് പറഞ്ഞു. അതിനേക്കാളും സന്തോഷമായത് പ്രിയൻ ഒപ്പമുള്ള സുഹൃത്തുക്കളോട് പറഞ്ഞതാണ്. അവന്റെ വളർച്ച ഭയങ്കരമാണ്. എങ്ങോട്ടാണ് ഇവൻ്റെ പോക്ക്. ഇതറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി അധ്യാപകൻ ക്ലാസിലെ ഒരു കുട്ടിയെ കുറിച്ച്, അവനെ കണ്ടു പഠിക്ക് എന്നു പറയുന്ന പോലെ,’ജഗദീഷ് പറയുന്നു.
Content Highlight: Jagadheesh Shares A Memory With Priyadarshan