മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടൻ, മായിൻകുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ച് ചെയ്യുന്ന നടൻ കൂടെയാണ് ജഗദീഷ്.
പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന് വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു വെള്ളാനകളുടെ നാട്. ചിത്രത്തിൽ ഒരു കഥാപാത്രമായി ജഗദീഷും എത്തിയിരുന്നു. ചിത്രത്തിലെ ഒരു ഫൈറ്റ് സീനിൽ താനും മോഹൻലാലും ഒന്നിച്ചഭിനയിച്ചിരുന്നുവെന്നും എന്നാൽ നിർമാതാവ് മണിയൻ പിള്ള രാജു അത് റീ ഷൂട്ട് ചെയ്യാൻ പറഞ്ഞെന്നും ജഗദീഷ് പറയുന്നു.
മോഹൻലാലിനൊപ്പമുള്ള സീനിൽ താൻ കയ്യടി പ്രതീക്ഷിച്ചിരുന്നുവെന്നും അതൊഴിവാക്കിയപ്പോൾ വലിയ വിഷമം തോന്നിയെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ അതിന് പകരം താൻ ഒറ്റയ്ക്കുള്ള ഒരു സീനിൽ വലിയ കയ്യടി ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാള മനോരമ വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഒരു ഫൈറ്റ് സീനാണ്. മാഫിയ ശശിയുടെ കഥാപാത്രം ഫയൽ എടുത്തുകൊണ്ടു പോകുന്നു. മോഹൻലാലും ഞാനും കൂടി അതു തടയുന്നു. കുറച്ചു ഭാഗം ഷൂട്ട് ചെയ്‌ത് ബാക്കി പിറ്റേന്നു ചെയ്യാം എന്നു പ്രിയൻ പറയുന്നു. പക്ഷെ നിർമാതാവായ മണിയൻപിള്ള രാജു ഒരഭിപ്രായം പറഞ്ഞു. ഫൈറ്റ് സീനിൽ മോഹൻലാലും ജഗദീഷും ഒരുമിച്ചു വേണ്ട. നായകന് ഒറ്റയ്ക്കു കിട്ടേണ്ട കൈയ്യടിയാണത്.
അതോടെ റീഷൂട്ട് ചെയ്‌തു. എനിക്ക് സങ്കടം തോന്നി. ലാലിൻ്റെ കൂടെ വരുമ്പോൾ തിയേറ്ററിലെ കൈയടി മനസിലുണ്ടായിരുന്നു. പക്ഷേ, ഈശ്വരൻ മറ്റൊന്നാണ് വിചാരിച്ചത്. ലാലിൻ്റെ ഫൈറ്റ് കഴിഞ്ഞ് ഫയൽ അടങ്ങിയ പെട്ടി ഞാൻ ഒറ്റയ്ക്ക് രക്ഷിക്കാൻ ശ്രമിക്കുന്ന സീനുണ്ട്. അതിനും നല്ല കൈയടി കിട്ടി.
റിലീസ് ദിവസം മണിയൻപിള്ള രാജുവിനോടു ഞാൻ പറഞ്ഞു. ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിൽ അത് മോഹൻലാലിന്റെ അക്കൗണ്ടിലേക്ക് പോയേനെ. ഇതിപ്പോ എനിക്കുള്ള കയ്യടിയാണല്ലോയെന്ന്. അത് കേട്ട് രക്ഷപ്പെടാനായി മണിയൻപിള്ള പറഞ്ഞു, അതുകൊണ്ടാണ് അളിയാ ഞാൻ മാറ്റി എഴുതാൻ പറഞ്ഞതെന്ന്,’ ജഗദീഷ് പറയുന്നു.
അതേസമയം ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന അജയന്റെ രണ്ടാം മോഷണം, കിഷ്കിന്ധ കാണ്ഡം എന്നീ സിനിമകളിലും ഈയിടെ ഇറങ്ങി മികച്ച അഭിപ്രായം നേടിയ അബ്രഹാം ഓസ്‌ലർ, നേര് തുടങ്ങിയ സിനിമകളിലെല്ലാം ജഗദീഷ് ഭാഗമായിട്ടുണ്ട്. അദ്ദേഹത്തിന്റെതായി ഇനിയും മികച്ച സിനിമകൾ വരാനുണ്ട്.
Content Highlight: Jagadheesh About Vellanakalude naad Movie