മലയാളത്തിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാളാണ് ഉര്‍വശി. നാലരപ്പതിറ്റാണ്ടായി സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ഉര്‍വശി മലയാളം ഉള്‍പ്പെടെ അഞ്ച് ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
ആറ് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഉര്‍വശി ഒരു ദേശീയ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം റിലീസായ ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഞെട്ടിച്ചുകൊണ്ടാണ് കരിയറിലെ ആറാമത്തെ സംസ്ഥാന അവാര്‍ഡ് നേടിയത്.
ഉർവശിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. തന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ആളുകള്‍ ഒരുപാട് പരിഹസിച്ചിട്ടുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. തനിക്കൊരു നായക നടനാവാനുള്ള ആത്മവിശ്വാസം തന്ന നടിയാണ് ഉര്‍വശിയെന്നും ഉര്‍വശിയോട് വലിയ കടപ്പാടുണ്ടെന്നും ജഗദീഷ് പറഞ്ഞു.
‘എനിക്ക് ഏറ്റവും അടുപ്പമുള്ള നായിക ഉര്‍വശിയാണ്. കാരണം എന്റെ പരിമിധികള്‍ അല്ലെങ്കില്‍ ഞാന്‍ ഒരു കൊമേഡിയനാണെന്ന ധാരണ മാറ്റിയിട്ട് അങ്ങനെയല്ല, കൊമേഡിയനല്ല യൂ കാന്‍ ബി എ ഹീറോ, യൂ ആര്‍ എ ഹീറോ എന്ന് പറഞ്ഞ് എനിക്ക് കോണ്‍ഫിഡന്‍സ് തന്നിട്ടുള്ളത് ഉര്‍വശിയാണ്.
കാരണം ഉര്‍വശി വളരെ സീനിയറായിട്ടുള്ള ഒരു നായികയാണ്. ടോപ്പ് ഹീറോയിനാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ പിന്നെ കമല്‍ഹാസന്‍ എന്നിവരുടെയൊക്കെ നായികയായി വന്ന ആളാണ് ഉര്‍വശി.
ശേഷം ജഗദീഷിന്റെ നായികയായിട്ട് വരുമ്പോള്‍ സിനിമാ മേഖലയില്‍ മുഴുവന്‍ സംസാരമായിരുന്നു. ഉര്‍വശി താഴേക്ക് പോയി, ജഗദീഷിന്റെ നായികയായി എന്നാണ് പലരും പറഞ്ഞത്. ആ സമയത്ത് അത് കാര്യമാക്കാതെ എന്റെ നായികയായിട്ട് ആറോ ഏഴോ സിനിമകള്‍ ചെയ്തു. ആ ഉര്‍വശിയോട് എനിക്ക് ജീവിതത്തില്‍ ഒരുപാട് കടപ്പാടുകളുണ്ട്.
വലിയ കടപ്പാടുണ്ട്. എന്റെയും ശ്രീനിവാസന്റെയുമൊക്കെ നായികയായിട്ട് അഭിനയിച്ചതിന്റെ പേരില്‍ ഉര്‍വശിയെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്,’ ജഗദീഷ് പറയുന്നു.
Content Highlight: jagadheesh About Urvashi And Their Films