| Sunday, 13th October 2024, 1:29 pm

ക്ലിഫ് ഹൗസ് എന്ന പേരിൽ ആ ചിത്രത്തിന് രണ്ടാംഭാഗം തീരുമാനിച്ചെങ്കിലും നടക്കാതെ പോയി: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച വ്യക്തിയാണ് ജഗദീഷ്. മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ ഭാഗമാവാൻ കരിയറിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അപ്പുകുട്ടൻ, മായിൻകുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപ്പിടിച്ച് ചെയ്യുന്ന നടൻ കൂടെയാണ് ജഗദീഷ്.

ഹാസ്യ കഥാപാത്രങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും തന്റെ ഇമേജിൽ നിന്ന് മാറി ജഗദീഷ് ചെയ്ത ചിത്രമായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സ്ഥലത്തെ പ്രധാന പയ്യൻസ്. മറ്റൊരു സാധാരണ കഥ പറഞ്ഞപ്പോൾ തലസ്ഥാനം എന്ന സിനിമ പോലൊരു കഥ വേണമെന്ന് താനാണ് പറഞ്ഞതെന്നും അങ്ങനെയാണ് സ്ഥലത്തെ പ്രധാന പയ്യൻസ് ഉണ്ടാവുന്നതെന്നും ജഗദീഷ് പറഞ്ഞു. ക്ലിഫ് ഹൗസ് എന്ന പേരിൽ ആ സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് നടന്നില്ലെന്നും ജഗദീഷ് പറഞ്ഞു. വനിത മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അപ്പുക്കുട്ടൻ ഇമേജിൽ നിന്നു മാറ്റി നിർത്തിയ ആദ്യ വേഷമായിരുന്നു സ്‌ഥലത്തെ പ്രധാന പയ്യൻസിലെ ഗോപാലകൃഷ്ണണൻ. ഇങ്ങനെ ഒരു റോൾ ചെയ്യാൻ കഴിയുമെന്നു തെളിയിക്കാൻ പറ്റിയത് രൺജി പണിക്കരും ഷാജികൈലാസും എന്നിലർപ്പിച്ച വിശ്വാസം കൊണ്ടാണ്. സ്‌ഥലത്തെ പ്രധാന പയ്യൻസിൻ്റെ ആദ്യ കഥ ഇതല്ല. രൺജി പണിക്കർ ഷാജി കൈലാസ് കൂട്ടുകെട്ടിലെ ‘തലസ്‌ഥാനം’ വലിയ ഹിറ്റായി.

അടുത്ത സിനിമ ജഗദീഷിനെ നായകനാക്കി ചെയ്യണമെന്ന് പ്രൊഡ്യൂസർ പറഞ്ഞു. ‘എനിക്കു പറ്റുന്ന കഥ’ അവർ ആദ്യം ആലോചിച്ചു. പണക്കാരനായ അമ്മാവൻ്റെ മകളെ പ്രണയിക്കുന്ന സാധാരണക്കാരനായ നായകൻ. അമ്മാവൻ സമ്മതിക്കുന്നില്ല. അതിലുള്ള കോമഡികൾ. കഥ കേട്ടു കഴിഞ്ഞ് ഞാൻ പറഞ്ഞു, പ്ലീസ്, കോമഡിവിട്ട് ഒരു പടം വേണം. തലസ്‌ഥാനം പോലെ ഒരെണ്ണം തരാമോ? നിങ്ങളുടെ രീതിക്കുള്ള പടം, എന്ന് ചോദിച്ചു.

അതോടെ പ്രണയം സൈഡ് ട്രാക്കായി. ചേരിപ്രദേശത്ത് ജീവിക്കുന്ന ചെറുപ്പക്കാരൻ ആഭ്യന്തര മന്ത്രിയായി മാറുന്നതായി സിനിമ. രാഷ്ട്രീയക്കാരനാകുമ്പോഴുള്ള മാനറിസങ്ങൾ എനിക്ക് പ്രയാസമുണ്ടായില്ല. കോളജ് കാലത്ത് കെ.എസ്‌.യു പ്രവർത്തകനായിരുന്നു. രാഷ്ട്രീയത്തിന് അപ്പുറമുള്ള സൗഹൃദം ഉണ്ടായിരുന്നു. ആർട്ട്സ് കോളജിൽ പഠിക്കുമ്പോൾ പതിനെട്ടിൽ പതിനേഴും എസ്.എഫ്. ഐ നേടുമ്പോൾ കെ.എസ്.യു പാനലിൽ ഞാൻ മാത്രം വിജയിക്കും.

സ്‌ഥലത്തെ പ്രധാന പയ്യൻസ് റിലീസ് ചെയ്‌ത് അഞ്ചു വർഷത്തിനു ശേഷം രണ്ടാംഭാഗം ആലോചിച്ചു. ക്ലിഫ്ഹൗസ് എന്നായിരുന്നു പേര്. ഒരുപാട് ആഗ്രഹിച്ച സിനിമയായിരുന്നെങ്കിലും എന്തുകൊണ്ടോ അതു നടന്നില്ല,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Sthalathe Pradhana Payyans Movie

We use cookies to give you the best possible experience. Learn more