| Tuesday, 3rd December 2024, 11:11 am

തിരുവനന്തപുരം സ്ലാങ്ങിൽ അമ്പിളി ചേട്ടനോട് പിടിച്ചു നിന്ന ഏക നടൻ അദ്ദേഹമാണ്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. സ്വാഭാവികമായ അഭിനയം കൊണ്ട് അദ്ദേഹം പലപ്പോഴും പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുണ്ട്.

തന്റെ തനത് അഭിനയ ശൈലിയിലൂടെ വലിയ ശ്രദ്ധ നേടിയ അദ്ദേഹം സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ ജഗദീഷ്.

ഒടുവിൽ ഉണ്ണികൃഷ്ണൻ ഏറ്റവും സ്‌ട്രെയിൻ എടുത്ത് അഭിനയിച്ച സിനിമയാണ് മാട്ടുപ്പെട്ടി മച്ചാൻ എന്ന് പറയുകയാണ് ജഗദീഷ്. പ്രഭാകര പ്രഭു എന്ന കഥാപാത്രം തിരുവനന്തപുരം സ്ലാങ്ങിലാണ് സംസാരിക്കുന്നതെന്നും ഒടുവിൽ ഉണ്ണികൃഷ്ണൻ അത് ഗംഭീരമായി അവതരിപ്പിച്ചെന്നും ജഗദീഷ് പറഞ്ഞു.

തിരുവനന്തപുരം സ്ലാങ്ങിൽ ജഗതി ശ്രീകുമാറിനോട് പിടിച്ചു നിൽക്കുകയെന്നത് എളുപ്പമല്ലെന്നും എന്നാൽ ഒടുവിൽ ഉണ്ണികൃഷ്‌ണൻ അത് ഭംഗിയായി ചെയ്‌തെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ ഏറ്റവും സ്‌ട്രെയിൻ എടുത്ത് ചെയ്ത ഒരു സംഭവമുണ്ട്. മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയിലെ കഥാപാത്രമാണത്. ജോസ് തോമസാണ് അതിന്റെ സംവിധായകൻ. പ്രഭാകര പ്രഭു എന്ന കഥാപാത്രമായാണ് അദ്ദേഹം ആ സിനിമയിൽ അഭിനയിച്ചത്. തിരുവനന്തപുരം ഭാഷയാണ് അതിൽ പറയുന്നത്.

അമ്പിളി ചേട്ടനും ആ സിനിമയിൽ ഒരു പ്രധാന കഥാപാത്രമായിരുന്നു. തിരുവനന്തപുരം ഭാഷയിൽ അമ്പിളി ചേട്ടനോട് മത്സരിക്കുക എന്നത് ഒരു നിസ്സാര കാര്യമല്ല. തിരുവനന്തപുരം ഭാഷ അരച്ച് കലക്കി കുടിച്ച വ്യക്തിയാണ് അമ്പിളിച്ചേട്ടൻ. അവിടുത്തെ എല്ലാ ശൈലിയും അദ്ദേഹത്തിനറിയാം. നമ്മൾ അധികം കേട്ടിട്ടില്ലാത്ത തിരുവനന്തപുരം സ്ലാങ് അദ്ദേഹത്തിനറിയാം.

കണ്ണൊക്കെ ഉരുട്ടി അമ്പിളിച്ചേട്ടൻ അതൊക്കെ അവതരിപ്പിക്കുമ്പോൾ അതിന്റെ കൂടെ തുല്യമായി ഒരു ഇഞ്ചു പോലും താഴാതെ തിരുവനന്തപുരം ഭാഷ പറഞ്ഞ് പിടിച്ചു നിന്ന ഒരേയൊരാളേയുള്ളൂ. അത് ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനാണ്,’ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Oduvil Unnikrishnan’s Performance In Mattupetti Machan

We use cookies to give you the best possible experience. Learn more